തിരുവല്ല: ലോക്ക് ഡൗൺ കാലാവധി നീട്ടിയതിന് പിന്നാലെ നഗരവീഥികളിൽ തിരക്ക് വർദ്ധിച്ചു. നടപടികൾ കർക്കശമാക്കി പൊലീസും. പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങിക്കാൻ കടകളിലെല്ലാം വിഷുവിനോട് അനുബന്ധിച്ചുള്ള വൻ തിരക്കായിരുന്നു തിങ്കളാഴ്ച അനുഭവപ്പെട്ടത്. സാമൂഹിക അകലം പാലിക്കാൻ പറ്റാത്ത വിധം പലസമയത്തും തിരക്കേറി. വഴിവക്കിൽ കണിവെളളരിയും കണിക്കൊന്ന പൂവും വിൽക്കുന്ന സംഘങ്ങളും ഉണ്ടായിരുന്നു. ഇരുചക വാഹനങ്ങളും ചെറു കാറുകളും നിരത്തിൽ ഏറിയതോടെയാണ് നടപടികൾ കർക്കശമാക്കി പൊലീസ് രംഗത്തിറങ്ങിയത്. തിരുവല്ല, പുളിക്കീഴ് പൊലീസ് സ്‌റ്റേഷൻ പരിധികളിൽ അകാരണമായി നിരത്തിലിറങ്ങിയ 65 പേരുടെ വാഹനങ്ങൾ തിങ്കളാഴ്ച പിടിച്ചെടുത്തു. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം തിരുവല്ല മേഖലയിൽ ആദ്യമായാണ് ഒറ്റദിവസം ഇത്രയും വാഹനങ്ങൾ പിടിക്കുന്നത്. പുളിക്കീഴിൽ ഡ്രോൺ നിരീക്ഷണത്തിലാണ് വാഹനങ്ങൾ കണ്ടെത്തിയത്. പുറത്തിറങ്ങിയ പലരും പൂരിപ്പിക്കാത്ത സത്യവാങ്മൂലം കരുതിയിരുന്നു. വഴിയിൽവെച്ചുതന്നെ പാെലീസ് ഇത് പൂരിപ്പിച്ച് നൽകുവാൻ ആവശ്യപ്പെട്ടു. ഇടിഞ്ഞില്ലം, പെരുന്തുരുത്തി, എസ്.സി.എസ്. കവല, താലൂക്ക് ആസുപത്രിക്ക് മുന്നിൽ, കാവുംഭാഗം, പൊടിയാടി, സൈക്കിൾ മുക്ക്, എ.എൻ.സി., മഞ്ഞാടി, പായിപ്പാട് എന്നിവടങ്ങളിൽ പൊലീസ് പലപ്പോഴായി പ്രത്യേക പരിശോധനകൾ നടത്തി.
ലോക്ക് ഡൗൺ കാലാവധി തീരുംവരെ താലൂക്കിൽ കർശന പരിശോധനകൾ തുടരും.
ജെ.ഉമേഷ് കുമാർ,
ഡിവൈ.എസ്.പി