പത്തനംതിട്ട: ജില്ലയിൽ കൊവിഡ് 19 സാമൂഹിക വ്യാപനം തടയാൻ ആരോഗ്യ വകുപ്പ് പഠനം. നാല് ഗ്രൂപ്പുകളിലായി രക്ത പരിശോധന നടത്തിയാണ് പഠനം.

ഒന്ന്: രോഗികളെ പരിശോധിച്ച ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് പാരാമെഡിക്കൽ ജീവനക്കാർ.

രണ്ട്: പൊലീസ് ഉദ്യോഗസ്ഥർ, ഫീൽഡ് വിഭാഗം ജീവനക്കാർ, അംഗൻവാടി വർക്കർമാർ, തദ്ദേശഭരണ സ്ഥാപന ഉദ്യോഗസ്ഥർ.

മൂന്ന്: വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ.

നാല്: 60 വയസ്സിന് മുകളിൽ ഉളളവർ. ഇതിനായി ജില്ലാതല സെൽ രൂപീകരിച്ചു.

റാപ്പിഡ് കാർഡ് ടെസ്റ്റിലൂടെയാണ് പരിശോധന. കൈയിലെ രക്തം കാർഡിലാക്കി പരിശോധിക്കുന്നതാണ് രീതി. രണ്ട് മുതൽ 15മിനിട്ടിനുളളിൽ ഫലം അറിയാവുന്ന കാർഡാകളാണ് ഉപയോഗിക്കുന്നത്.

ഇന്നലെയും പോസിറ്റീവില്ല

ജില്ലയിൽ ഇന്നലെ ലഭിച്ച പരിശോധന ഫലങ്ങളിലും പോസിറ്റീവ് ഇല്ല. ആശുപത്രികളിൽ 12പേരാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ 300 സാമ്പിളുകളുടെ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്. ജില്ലയിൽ ഇതുവരെ 17 എണ്ണം പോസിറ്റീവായും 1972 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 337 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.