parakd

അടൂർ : ആരോട് ചോദിച്ചാലും ആശുപത്രിയിലേക്കെന്ന ഉത്തരമാണ്. അതേസമയം ജനറൽ ആശുപത്രിയിൽ ഉൾപ്പെടെ ഒരു ആശുപത്രിയിലും തിരക്കില്ല. വിഷുക്കണി ഒരുക്കത്തിന് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയവരുടെ തിരക്കായിരുന്നു ഇന്നലെ. നിരത്തുകൾ സജീവമായതോടെ ലോക്ക് ഡൗൺ തീർന്നോ എന്ന സംശയം ജനിപ്പിക്കും. പറക്കോട് മാർക്കറ്റിൽ ഇന്നലെ എല്ലാ സാമൂഹ്യഅകലവും ലംഘിച്ചുള്ള വ്യാപാരം പൊടിപൊടിച്ചു.റോഡിൽ ഇറങ്ങുന്ന വാഹനങ്ങൾ പൊലീസ് പലയിടങ്ങളിലും പരിശോധിക്കുന്നുണ്ടെങ്കിലും അത്യാവശ്യ കാരണങ്ങൾ നിരത്തിപോകുന്നവരെ തടയാനുമാകുന്നില്ല. ഗ്രാമീണമേഖലയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും യാതൊരു നിയന്ത്രണവുമില്ലാത്ത ആൾക്കൂട്ടം പ്രകടമാണ്. ആശുപത്രി, വ്യാപാര സ്ഥാപനങ്ങൾ, ബാങ്ക് തുടങ്ങിയ ആവശ്യങ്ങളുടെ പേരിലാണ് പലരും വിലക്ക് ലംഘിച്ച് ഇറങ്ങുന്നത്.

മിക്സി കേടായ ദിനം

ആഴ്ചയിൽ ഒാരോ ദിവസങ്ങളിലും പ്രത്യേക വ്യാപാരസ്ഥാപനങ്ങളും വർക്ക് ഷോപ്പുകളും തുറക്കാൻ നൽകിയ അനുമതി ഗുണത്താക്കാളേറെ ദോഷമായിരിക്കുകയാണ്. ഇന്നലെ റോഡിൽ ഇറങ്ങിയവരിൽ നല്ലൊരു പങ്കും മിക്സി നന്നാക്കാൻ ഇറങ്ങിയവരായിരുന്നു. പൊലീസിനെ കബളിപ്പിക്കാൻ മിക്സിയുടെ ജാറുമായാണ് പലരും നിരത്തുകളിൽ ഇറങ്ങിയത്. നിരത്തുകളിൽ ആളുകൾ കൂടുതലായി ഇറങ്ങുന്നത് സമൂഹവ്യാപനം ഫലപ്രദമായി തടയുന്നതിന് ബുദ്ധിമുട്ടാകും.