പത്തനംതിട്ട: ജില്ലയിൽ നടന്നു വരുന്ന വ്യാജച്ചാരായവേട്ടയുടെ ഭാഗമായി മൂഴിയാർ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ കോട്ടമൺപാറ പഞ്ഞിപ്പാറ ചരുവിൽ വീട്ടിൽ കുട്ടപ്പൻ എന്നു വിളിക്കുന്ന സുനിലിനെ (48) ചാരായവും വാറ്റുപകരണങ്ങളുമായി പിടികൂടി.വീടിന് അടുത്തുള്ള വനത്തിനുള്ളിലായിരുന്നു ചാരായം വാറ്റ്. ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാഡോ പൊലീസ് സ്ഥലത്തെത്തിയപ്പോൾ വനത്തിൽ ഓടി മറയാൻ ശ്രമിച്ച സുനിലിനെ പിൻതുടർന്ന് പിടികൂടുകയായിരുന്നു.ഇയാൾ വീട്ടിൽ വ്യാജച്ചാരായ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന 200 ലിറ്റർ കോടയും വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന ചാരായവും പിടികൂടി. പ്രതിയെ റിമാൻ്റ് ചെയ്തു. മൂഴിയാർ സ്റ്റേഷൻ ഓഫീസർ ബിജു, എസ്.െഎമാരായ ആർ.എസ് രഞ്ചു,രാധാകൃഷ്ണൻ, എ.എസ്.എെമാരായ ടി.ഡി. ഹരികുമാർ, വിൽസൻ,സി.പി.ഒ ശ്രീരാജ് എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.