പത്തനംതിട്ട: ജില്ലയ്ക്ക് ഇന്നലെ ആശ്വാസദിനം. കൊവിഡ് 19 ബാധിച്ച മൂന്നുപേർ ഇന്നലെ രോഗം ഭേദപ്പെട്ട് ആശുപത്രി വിട്ടു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പന്തളം സ്വദേശി അംഗിത (19), തുമ്പമൺ സ്വദേശി ഡാനിഷ് (26), നെല്ലിക്കാല സ്വദേശി മോഹൻലാൽ (60) എന്നിവരാണ് ആശുപത്രി വിട്ടത്. പുതിയ കേസുകളും ജില്ലയിൽ ഇന്നലെയുണ്ടായില്ല.
ഡൽഹി നിസാമുദ്ദീനിൽ നിന്നെത്തിയ വിദ്യാർഥിനി കഴിഞ്ഞ അഞ്ചിനാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലെത്തിയത്. ഷാർജയിൽ നിന്നെത്തിയ തുമ്പമൺ സ്വദേശി കഴിഞ്ഞ ഒന്നിനും ദുബായിൽ നിന്നെത്തിയ നെല്ലിക്കാല സ്വദേശി ആറിനും ആശുപത്രിയിലെത്തി. ഇവരിൽ നെല്ലിക്കാല സ്വദേശിയുടെ ഫലമാണ് വേഗം നെഗറ്റീവായത്. തുടർച്ചയായ രണ്ട് പരിശോധനാഫലങ്ങളും നെഗറ്റീവാകുകയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ബോധ്യപ്പെടുകയും ചെയ്യുമ്പോഴാണ് മെഡിക്കൽ ബോർഡ് ഇവരെ ഡിസ്ചാർജ് ചെയ്യാൻ അനുമതി നൽകുന്നത്.
ജില്ലയിൽ കഴിഞ്ഞ മാർച്ച് എട്ട് മുതലുള്ള കാലയളവിൽ 17 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 10 പേർക്ക് ഇതിനോടകം രോഗം ഭേദപ്പെട്ടു. 10 പേരും ആശുപത്രികളിൽ നിന്നു ഡിസ്ചാർജായി. ഇറ്റലിയിൽ നിന്നെത്തിയ റാന്നി ഐത്തല സ്വദേശികളായ മൂന്നംഗ കുടുംബം, അവരുടെ വയോധിക മാതാപിതാക്കൾ, സഹോദരൻ, ഭാര്യ എന്നിവർക്കും ഇറ്റലി കുടുംബവുമായുള്ള സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വടശേരിക്കര സ്വദേശിയായ യുവതിയുമാണ് ഇതിനു മുമ്പ് രോഗം ഭേദപ്പെട്ടവർ.