കോന്നി : കത്തുന്ന വേനൽ ചൂടിന് കുളിരേകി ഇടയ്ക്ക് മഴ പെയ്യുന്നത് കുടിവെള്ളക്ഷാമത്തിനും ഉഷ്ണത്തിനും നേരിയ ആശ്വാസം ലഭിക്കുന്നുണ്ടെങ്കിലും കാർഷിക വിളകൾ നശിക്കുന്നത് മലയോര കർഷകരെ ആശങ്കയിലാക്കുന്നു. വേനൽ സമയത്ത് കുലച്ചുനിന്ന നിരവധി വാഴകളാണ് മഴ പെയ്‌തോടെ ഒടിഞ്ഞുവീണത്. പാതിവിളവെത്തിയ കുലകൾ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് കർഷകർ.ഉപ്പേരിക്കുപോലും പാകമാകാത്ത ഏത്തക്കുലകൾ ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ എവിടെവിറ്റഴിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
മാർക്കറ്റുകളിൽ കൊണ്ടുപോയി കിട്ടുന്ന വിലയ്ക്ക് നൽകാമെന്ന് കരുതിയാൽ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ അപ്രായോഗികമാണ്.ഏത്തന് പുറമെ ഞാലിപ്പൂവൻ,കൂമ്പില്ലാ കണ്ണൻ,പാളയംകോടൻ തുടങ്ങിയ കുലകളും വ്യാപകമായി നശിച്ചിട്ടുണ്ട്.
ആശങ്കയോടെ വാഴ കർഷകർ.
കോന്നി, അരുവാപ്പുലം, തണ്ണിത്തോട്, തേക്കുതോട്, കൊക്കാതോട്, അതിരുങ്കൽ, വകയാർ, പ്രമാടം, വി. കോട്ടയം, അതുമ്പുംകുളം,കല്ലേലി,അട്ടച്ചാക്കൽ,ആവോലിക്കുഴി തുടങ്ങിയ ഭാഗങ്ങളിലാണ് വ്യാപകമായി വാഴ കൃഷി നശിക്കുന്നത്.മിക്കവരും സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്.പലിശയ്ക്കും പണം എടുത്തിട്ടുമുണ്ട്. വാഴക്കുലകൾ നശിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് കർഷകർ.
ചീരയ്ക്കും രക്ഷയില്ല....
അപ്രതീക്ഷിതമായി മഴ പെയ്തതോടെ ചീര കർഷകരും ഗതികേടിലായി. ഏക്കറ് കണക്കിന് സ്ഥലത്തെ ചീരയാണ് നശിക്കുന്നത്. മിക്കയിടങ്ങളിലും പുള്ളിരോഗം പിടിപെട്ടിട്ടുണ്ട്.പാതി വളർച്ചയെത്തിയ ചീര ചെടികളാണ് ഇതിൽ ഏറെയും. വിപണിയില്ലാത്തതിനാൽ ഇവ വില്പന നടത്താനും കഴിയുന്നില്ല.ചീര കൂട്ടത്തോടെ നശിക്കാൻ തുടങ്ങിയതോടെ മുടക്കുമുതൽ പോലും കർഷകർക്ക് ലഭിക്കില്ല. മഴയ്ക്ക് മുമ്പ് ഒരുപിടി ചീരയ്ക്ക് 40 രൂപയായിരുന്നു വില.കഴിഞ്ഞ ദിവസങ്ങളിൽ പലരും വീടുകളിൽ എത്തിച്ചു നൽകാൻ തുടങ്ങിയെങ്കിലും 20രൂപ പോലും നൽകി വാങ്ങാൻ ആളില്ലായിരുന്നെന്ന് കർഷകർ പറഞ്ഞു. അടുത്തിടെ പാകിയ പയർ,പാവൽ,പടവലം എന്നിവയും നാശത്തിന്റെ വക്കിലാണ്.
കാട്ടുപന്നികളും കൃഷിയിടത്തിൽ
മഴയെ തുടർന്ന് പുതുമണ്ണിന്റെ ഗന്ധം പരന്നതോടെ കാട്ടുപന്നികളും കൃഷിയിടങ്ങളിൽ കൂട്ടത്തോടെ ഇറങ്ങുന്നുണ്ട്. ഇതിന് പിന്നാലെ പാമ്പ് ഉൾപ്പടെയുള്ള ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.ആന ഉൾപ്പടെയുള്ള വനൃമൃഗങ്ങൾ റോഡുകളിൽ നിലയുറപ്പിക്കുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്.കോന്നി- തണ്ണിത്തോട് റോഡിലും തണ്ണിത്തോട്- വയ്യാറ്റുപുഴ ചിറ്റാർ റോഡിലും അടവി ഭാഗങ്ങളിലുമാണ് കാട്ടാനകൾ റോഡിൽ നിലയുറപ്പിക്കുന്നത്.
വിപണിയില്ല
വിപണിയുടെ അഭാവമാണ് പ്രധാന പ്രശ്നം. കൊവിഡ് നിയന്ത്രണം വന്നതോടെ കർഷകർക്ക് മാർക്കറ്റിൽ യഥാസമയം വിളകൾ എത്തിക്കാൻ സാധിക്കുന്നില്ല.വഴിയോര കച്ചവടങ്ങളും നിലച്ചിരിക്കുകയാണ്.ചിലർ പെട്ടിഓട്ടോകളിലും മറ്റും പച്ചക്കറികളും വാഴക്കുലകളും വിപണനം നടത്തുന്നതൊഴിച്ചാൽ എല്ലാ കാർഷിക വിപണികളും സ്തംഭനത്തിലാണ്.
കൃഷി വകുപ്പിൽ നിന്ന് ലഭിക്കുന്ന നഷ്ടപരിഹാരവും നാമമാത്രമായതിനാൽ നഷ്ടം സ്വയം സഹിക്കേണ്ട ഗതികേടിലാണ് ഇവർ.കൊവിഡ് നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതും ലഭിക്കുമെന്ന് ഉറപ്പില്ല.
രാജേന്ദ്രൻ
(കർഷകൻ)