കോന്നി : കൊവിഡ്19 തിന്റെ പശ്ചാത്തലത്തിൽ ബാംബുകോർപ്പറേഷന്റെ ഈ​റ്റ ശേഖരണം നിലച്ചതോടെ പരമ്പരാഗത ഈ​റ്റവെട്ട് തൊഴിലാളികൾ പട്ടിണിയിൽ.കിഴക്കൻ മലയോര പ്രദേശമായ അട്ടത്തോട്,ആങ്ങമൂഴി,പമ്പാവാലി പ്രദേശത്തെ തൊഴിലാളികളാണ് ദുരിതത്തിലായിരിക്കുന്നത്.സർക്കാർ നൽകിയ സൗജന്യ റേഷൻ ഒഴിച്ചാൽ വനം വകുപ്പും ബാംബു കോർപ്പറേഷനും ഇവരുടെ ക്ഷേമത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.എല്ലാ വർഷവും രണ്ട് മാസം ഈ​റ്റശേഖരണം നിറുത്തിവച്ചശേഷം പുന:രാരംഭിക്കുക പതിവാണെങ്കിലും ഇത്തവണ ഇടവേളക്ക് ശേഷവും നിയന്ത്രണം പിൻവലിക്കാൻ തയാറായിട്ടില്ല.

ഈറ്റ പുഷ്പിച്ച് നഷ്ടമാകും

പെരിയാർ കടുവാസങ്കേതത്തിന്റെ പരിധിയിൽ വരുന്ന ശബരിമല,ഗൂഡ്രിക്കൽ വന മേഖലയിൽ നിന്നാണ് ബാംബുകോർപ്പറേഷൻ ഏ​റ്റവുമധികം ഈ​റ്റ ശേഖരിക്കുന്നത്.മുന്തിയ ഇനം ഈ​റ്റയാണ് ഈ മേഖലയിലുള്ളത്.നിലവിൽ വെട്ടലിന് പാകമായി വൻ തോതിൽ ഈ​റ്റകൾ വിളഞ്ഞ് നിൽപ്പുണ്ട്.ഈ​റ്റവെട്ടുന്നതിനുള്ള അനുമതി വൈകിയാൽ ഇവ പുഷ്പിച്ച് നശിച്ചുപോകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഈ​റ്റ പുഷ്പിക്കുന്നതിന് മുമ്പ് വെട്ടിയെടുത്തെങ്കിൽ മാത്രമെ പ്രയോജനമുള്ളെന്ന് തൊഴിലാളികൾ പറയുന്നു.

70 കുടുംബങ്ങൾക്കും തൊഴിലാളികൾക്കും ഉപജീവനം നഷ്ടമായി

നാലുവശവും വനമായതിനാൽ അട്ടത്തോട് ആദിവാസി കോളനി നിവാസികൾക്ക് ഈ​റ്റവെട്ട് മാത്രമാണ് ഏക ഉപജീവനമാർഗം.കാടുമായി ഇഴുകി ജീവിക്കുന്നതിനാൽ ഇവർക്ക് പുറത്തിറങ്ങി പണികളൊന്നും ചെയ്യാൻ അറിയില്ല.അട്ടത്തോട്ടിൽ 70കുടുംബങ്ങളാണ് ഈ​റ്റവെട്ടലിലൂടെ മാത്ര ഉപജീവനം നടത്തുന്നത്.ആങ്ങമൂഴിയിലാണ് ഏ​റ്റവും കൂടുതൽ തൊഴിലാളികൾ ഈ​റ്റവെട്ടി ഉപജീവനം നടത്തുന്നത്.ഈ​റ്റവെട്ടൽ,ലോഡിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആയിരത്തോളം അംഗീകൃത തൊഴിലാളികളാണ് ഇവിടെയുള്ളത്.

പരമ്പരാഗത കുടിൽ വ്യവസാസയവും പ്രതിസന്ധിയിൽ


കിഴക്കൻ മേഖലയിൽ നിന്നുള്ള ഈ​റ്റശേഖരണം നിലച്ചതോടെ ബാംബുകോർപ്പറേഷന്റെ മിക്ക ഡിപ്പോകളും കാലിയാണ്. ഇതേ തുടർന്ന് കുട്ട,വട്ടി,പരമ്പ്,കൂടകൾ,വിവിധ കരകൗശല വസ്തുകൾ തുടങ്ങിയ നിർമ്മിച്ച് ഉപജീവനം നടത്തുന്ന പരമ്പരാഗത കുടിൽ വ്യവസായ തൊഴിലാളികളും ദുരിതത്തിലായിരിക്കുകയാണ്.ഈ​റ്റ ലഭ്യമല്ലാതായതോടെ മിക്ക കുടുംബങ്ങളുടെ സ്ഥിതിയും ദയനീയമാണ്.നാട്ടിൻ പുറങ്ങളിലെ വെ​റ്റില ഉൾപ്പടെയുള്ള കർഷകരെയും ഈ​റ്റക്ഷാമം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.വെ​റ്റില കൃഷിക്ക് പ്രധാനമായും ഈ​റ്റ ഉപയോഗിച്ചുള്ള പന്തലാണിടുന്നത്.വിപണിയില്ലാതായതോടെ വെറ്റില കർഷകരും പട്ടിണിയിലാണ്.

വനത്തെയും വനവിഭവങ്ങളെയും മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നവരുടെ ദാരിദ്ര്യമകറ്റാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കോന്നി വനം വകുപ്പ് അധികൃതർ അറിയിച്ചു.ഇവർക്ക് ഭക്ഷണവും ധാന്യങ്ങളും എത്തിച്ചു നൽകും.ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് ഉറപ്പുവരുത്തും.

(​വനം വകുപ്പ്)​