കോന്നി : കൊവിഡ് 19 കാലത്തും മരുന്ന് വില്പനയിൽ വൻകിട കമ്പനികൾ കാട്ടുന്ന മറിമായം സാധാരണക്കാർക്ക് ഇരുട്ടടിയാകുന്നു. വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെട്ട മരുന്നുകളിൽ പലതും ഇപ്പോൾ വിപണിയിലെത്തുന്നത് കേന്ദ്രസർക്കാർ നിശ്ചയിച്ച് നൽകിയതിനേക്കാൾ ഉയർന്ന വിലയ്ക്കാണ്.സാധാരണക്കാരായ നിരവധി രോഗികൾക്ക് പ്രയോജനകമാകേണ്ട പദ്ധതിയാണ് അധികൃതരുടെ അനാസ്ഥയെ തുടർന്ന് അവതാളത്തിലായിരിക്കുന്നത്. നിയന്ത്രണം പാലിക്കാത്ത കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കാത്തതും പൊതുജനത്തിന് അർഹതപ്പെട്ട ആനുകൂല്യം നഷ്ടമാക്കുന്നു.

അർബുദ മരുന്നും നിയന്ത്രണ പട്ടികയിൽ

അർബുദം ഉൾപ്പെടെയുള്ള രോഗങ്ങളുടെ മരുന്നുകൾ പട്ടികയിലുൾപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവായിട്ടുണ്ട്. മരുന്നുകളിൽ പലതും ചേരുവകളിലും വീര്യത്തിലും മാ​റ്റം വരുത്തി ഉയർന്ന വിലയ്ക്കാണ് കമ്പനികൾ വിപണിയിൽ എത്തിക്കുന്നത്. ദേശീയ ഔഷധ വിലനിയന്ത്രണ അതോറി​റ്റി വിവിധ ഘട്ടങ്ങളായാണ് ജീവൻ രക്ഷാ മരുന്നുകളുടെയും നിത്യോപയോഗ മരുന്നുകളുടെയും വിലനിയന്ത്രണ പട്ടിക തയാറാക്കിയത്.അമിത കമ്മീഷനുകളും മ​റ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് കമ്പനികൾ മരുന്ന് വില്പനശാല ഉടമകളെയും തങ്ങളുടെ വരുതിലായിലാക്കിയതോടെ ഔഷധവില നിയന്ത്രണം പൂർണമായും പാളിയ അവസ്ഥയിലാണ്.

മറിമായ തന്ത്രങ്ങളിൽ ചിലത് ഇങ്ങനെ

രക്ത സമ്മർദ്ദം

രക്തസമ്മർദ്ദത്തിന് ഉപയോഗിക്കുന്ന ലോസാർട്ടാൻ പൊട്ടാസ്യം വിലനിയന്ത്രണത്തിലുള്ള മരുന്നാണ്.. 25, 50 എം.ജി മരുന്നുകൾക്ക് വില കുറച്ചപ്പോൾ ലോസാർട്ടാൻ പൊട്ടാസ്യം വിത്ത് ഹൈഡ്റോകേളാത്താസൈഡിന്റെ വില നിയന്ത്രണ വിധേയമാക്കിയിട്ടില്ല. ഈ മരുന്നുകൾ വേർതിരിച്ച് എത്തുന്ന റീപേസ് 50 ,അക്വാസൈഡ് 12.5 വിലകുറച്ച് നൽകുമ്പോൾ ഇവ രണ്ടും ചേർത്തു വരുന്ന റീപേസ് എച്ചിന്റെ വില ഇരട്ടിയോളമാണ്. ഇതേ വില അന്തരം യൂണിക്കെം കമ്പനിയുടെ ലോസാർ 50യിലും,ലോസാർ എച്ചിലും ഉണ്ട്.

ഹൃദ്രോഗവും പ്രമേഹവും

ഹൃദ് രോഗത്തിന് ഉപയോഗിക്കുന്ന വാർഫാരിൻ സോഡിയും 5 എം.ജി യുടെ വില നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ ഇതേ മരുന്നിന്റെ 1 എം.ജി 2, 3 അളവുകളുടെ പട്ടികയിൽ ലഭ്യമല്ലത്തതിനാൽ ഈ മരുന്നുകൾക്ക് ഉയർന്ന വിലയാണ് ഈടാക്കുന്നത്.പ്രമേഹ രോഗികൾ കഴിക്കുന്ന മെ​റ്റ്‌ഫോർമിൻ 500എം.ജി വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെട്ടതാണ്. എന്നാൽ പല മരുന്ന് കമ്പനികളും വില നിയന്ത്രണം പാലിക്കുന്നില്ല.

പാരസെറ്റമോൾ

പാരസെ​റ്റമോൾ 125 എം.ജി സിറപ്പ് വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെട്ടതാണ്. ഫെപ്പാനിൽ,ഡോളോപാർ ,മെഡോമാൾ തുടങ്ങിയ മരുന്നു കമ്പനികൾ ഇത് പാലിക്കുന്നുണ്ട്.എന്നാൽ കാൽപ്പോൾ,ഡോളോ എന്നിവ വീര്യത്തിൽ മാ​റ്റം വരുത്തി120 എം.ജിയാണ് വിപണിയിൽ എത്തിക്കുന്നത്.അതുകൊണ്ടുതന്നെ ഇവയുടെ നിരക്ക് പത്ത് രൂപയോളം കൂടുതലാണ്.പാരസെ​റ്റാമോൾ ഗുളികയുടെ വില 500എം.ജിയുടെ മാത്രമാണ് നിശ്ചയിച്ചു നൽകിയത്. 500 എം.ജി ഗുളിക ഒരു രൂപയ്ക്ക് ലഭിക്കുമ്പോൾ 650 എം.ജിയുടെ വില 2.20 രൂപയാണ്.ഡൈക്ലോഫെനാക് പോലെയുള്ള മ​റ്റ് ചേരുവകൾക്കൊപ്പം എത്തുന്ന പാരാസെറ്റാമോൾ ഗുളികകളും വിലനിയന്ത്രണം പാലിക്കുന്നില്ല.മറ്റ് നിരവധി മരുന്നുകളുടെ അവസ്ഥയും ഇതാണ്.