കോന്നി : കൊവിഡ് വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി നാട്ടാനകളെയും നിരീക്ഷണത്തിലാക്കുന്നു. ചില മൃഗങ്ങളിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതോടെ നാട്ടനകളെ നിരീക്ഷണത്തിലാക്കാൻ വനം വകുപ്പും എലിഫെന്റ് സ്ക്വാഡും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി തീരുമാനിച്ചത്. കേരളത്തിൽ 520 നാട്ടാനകളാണുള്ളത്. ഇതിൽ 400 കൊമ്പനും 98 പിടിയും 22 മോഴകളും ഉൾപ്പെടും. ലോക്ക് ഡൗൺ തുടരുന്നതിനാൽ എല്ലാ ആനകളും വിവിധ കേന്ദ്രങ്ങളിൽ വിശ്രമത്തിലാണ്. ചൂട്, മൂക്കൊലിപ്പ് എന്നിവയാണ് പ്രാഥമികമായി പരിശോധിക്കുന്നത്.

ഇളമുറക്കാരൻ കണ്ണൻ, മുത്തശ്ശി ദാക്ഷായണി

ഏ​റ്റവും പ്രായംകുറഞ്ഞ നാട്ടാന കോട്ടൂർ ആനവളർത്തൽ കേന്ദ്രത്തിലെ കണ്ണനാണ് (11 മാസം). പ്രായം കൂടിയത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവനന്തപുരം ചെങ്കള്ളൂർ ക്ഷേത്രത്തിലെ ദാക്ഷായണിയും (88 വയസ്). കണ്ണൻ ആനത്താവളത്തിൽ കുസൃതികൾ കാട്ടുമ്പോൾ മുത്തശ്ശിയായ ദാക്ഷായണി വിശ്രമ ജീവിതത്തിലാണ്.

നാട്ടാന വിവരങ്ങൾ വിരൽത്തുമ്പിൽ

ആനകളുടെയും ഉടമകളുടെയും പാപ്പാൻമാരുടെയും പേരുവിവരങ്ങൾ, ആനകളെ തിരിച്ചറിയാനുള്ള മൈക്രോചിപ്പ് വിവരങ്ങൾ എന്നിവയ്ക്ക് പുറമെ ആനകളുടെ ഡി.എൻ.എ പ്രൊഫൈൽ ഉൾപ്പടെയുള്ള വിശദാംശങ്ങളും വനം വകുപ്പിന്റെ കൈവശമുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഇത് ഉപകരിക്കും. ആനയുടെ ഉയരം, നീളം, തുമ്പികൈ, കൊമ്പ്, വാൽ എന്നിവയുടെ അളവ്, ചിത്രങ്ങൾ എന്നിവയെല്ലാം വനം വകുപ്പിന്റെ സെൻസറിലുണ്ട്. ഇവയെല്ലാം പ്രത്യേക ആപ്പിൽ ഉൾപ്പെടുത്തിയതിനാൽ ഓരോ ആനകളെയും തിരിച്ചറിയാൻ എളിപ്പത്തിൽ സാധിക്കും.

കൂടുതൽ തൃശൂരിൽ..

ഏ​റ്റവും കൂടുതൽ ആനകളുള്ളത് തൃശൂർ ജില്ലയിലാണ്. കുറവ് കണ്ണൂരിലും. തൃശൂരിൽ 144 ആനകളുള്ളപ്പോൾ കണ്ണൂരിൽ മൂന്നെണ്ണം മാത്രമാണുള്ളത്. നാട്ടാനകളില്ലാത്ത ഏക ജില്ല കാസർഗോഡാണ്.

മ​റ്റ് ജില്ലയിലെ ആനകളുടെ എണ്ണം

കോട്ടയം : 64

കൊല്ലം : 61

പാലക്കാട് : 55

തിരുവനന്തപുരം : 48

ഇടുക്കി : 48

പത്തനംതിട്ട : 25

എറണാകുളം : 23

ആലപ്പുഴ : 20

കോഴിക്കോട് : 12

വയനാട് : 10

മലപ്പുറം : 7

ആശങ്ക വേണ്ട, നിരീക്ഷണം മാത്രം : വനം വകുപ്പ്

നാട്ടാനകളെ കൊവിഡ് നിരീക്ഷണത്തിലാക്കുന്നത് സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. ആനകൾ ഉത്സവത്തിനും മറ്റുമായി വിവിധ ജില്ലകളിൽ പോയിട്ടുണ്ട്. മുൻ കരുതൽ എന്ന നിലയിൽ മാത്രമാണ് നിരീക്ഷണം നടത്തുന്നത്. ലോഡ് ഡൗൺ കാലമായതിനാൽ എല്ലാ ആനകളും പന്തിയിലും ഉടമകളുടെ സംരക്ഷിത കേന്ദ്രങ്ങളിലുമുണ്ട്. അതിനാൽ നിരീക്ഷണം എളുപ്പമാണ്. എല്ലാ ആന ഉടമകളും ദേവസ്വങ്ങളും ഇതിനോട് സഹകരിക്കുന്നുണ്ട്. അസിസ്​റ്റന്റ് ഫോറസ്​റ്റ് കൺസർവേ​റ്റർമാരുടെ നേതൃത്വത്തിൽ 87 സ്‌ക്വാഡുകൾ ഇതിനായി പ്രവർത്തിക്കുന്നു.