പത്തനംതിട്ട : മാസ്ക് വാങ്ങാൻ എല്ലാവർക്കും എപ്പോഴും കഴിഞ്ഞെന്ന് വരില്ല. എന്നാൽ മാസ്ക് ധരിച്ച് പുറത്തിറങ്ങേണ്ട സാഹചര്യവുമാണുള്ളത്. അങ്ങനെയാണ് ഏറ്റവും എളുപ്പം മാസ്ക് എങ്ങനെ നിർമിക്കാം എന്ന് ആനന്ദപള്ളിയിലെ ഇരുപതുകാരി സോന മെറിൻ ബാബു ചിന്തിക്കുന്നത്. ഇനി മാസ്ക്ക് ഉണ്ടാക്കാൻ മടിയുള്ളവരെ പ്രോത്സാഹിപ്പിക്കാനായി ഒരു വഴിയും കണ്ടുവച്ചിട്ടുണ്ട് ഈ പെൺകുട്ടി. സ്വന്തം യൂ ട്യൂബ് ചാനൽ വഴി ആദ്യം മാസ്കിന്റെ ഉപയോഗത്തെ പറ്റി ബോധവൽക്കരണം. പിന്നിട് മൂന്ന് ലെയറുള്ള മാസ്ക് എങ്ങനെ നിർമിക്കാം എന്ന് ഘട്ടം ഘട്ടമായി വീഡിയോ സഹിതം പറഞ്ഞു കൊടുക്കും. അതിന് ശേഷം നിർമിച്ച മാസ്കിന്റെ ചിത്രം സോനയ്ക്ക് മെസേജ് അയയ്ക്കണം. പകരം മാസ്ക് നിർമ്മിച്ച ആളുടെ ചിത്രം വരച്ചു നൽകും സോന. ആദ്യം ഏഴ് പേരുടെ ചിത്രം വരച്ചാണ് തുടങ്ങിയത്. ഏപ്രിൽ ഏഴ് മുതൽ ഓരോരുത്തരുടെ ചിത്രമാണ് വരയ്ക്കാൻ തീരുമാനിച്ചത്. വിഷു ആയപ്പോഴേക്കും ഏഴ് പേർ ആയി. ഇനിയും തുടരാനാണ് ആഗ്രഹമെന്നും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിനി സോന പറയുന്നു. ചിത്ര രചനയിലാണ് താൽപര്യം. ബോട്ടിൽ പെയിന്റിംഗും ചെയ്യുന്നുണ്ട്. സോനാസ് ആർട്ട് ഗാലറി എന്ന യൂട്യൂബ് ചാനലിലാണ് സോന വീഡിയോ ഷെയർ ചെയ്യുന്നത്. ആനന്ദപ്പള്ളി വിളാകത്ത് സുജ സഖറിയ, ബാബു സാമുവൽ ദമ്പതികളുടെ മകളാണ്. സഹോദരി സ്നേഹ അഖിൽ.