തിരുവല്ല : ലോക്ക് ഡൗണിന്റെ ഭാഗമായി സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യ കിറ്റിലേക്കുള്ള സൺ ഫ്ളവർ ഓയിലുമായി സപ്ലെകോ ഗോഡൗണിലെത്തിയ ലോഡ് ഇറക്കുന്നതിന് അമിതകൂലി ആവശ്യപ്പെട്ട ചുമട്ട് തൊഴിലാളികൾക്ക് കിട്ടിയത് എട്ടിന്റെ പണി. ലേബർ കാർഡ് സസ്‌പെന്റ് ചെയ്തതിന് പിന്നാലെ അന്യായമായി സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി തിരുവല്ല പൊലീസ് ഇവർക്കെതിരെ കേസെടുത്തു. . തിങ്കളാഴ്ച ഉച്ചയോടെ സൺ ഫ്ളവർ ഓയിലുമായി സപ്ലെകോയുടെ തിരുവല്ലയിലെ കറ്റോട് ഗോഡൗണിലെത്തിയ ലോറിയിൽ നിന്ന് ലോഡ് ഇറക്കുന്നതിന് അമിതകൂലി ആവശ്യപ്പെട്ട സി.ഐ.ടി.യു യൂണിയനിലെ ഏഴ് തൊഴിലാളികൾക്കെതിരെയാണ് നടപടി.
മുഖ്യമന്ത്രി പിണറായി വിജയെന്റെ കർശന നിർദേശത്തിന് പിന്നാലെ തൊഴിലാളികളുെടെ ലേബർ കാർഡുകൾ ജില്ലാ ലേബർ ഓഫിസർ ടി. സൗദാമിനി സസ്പെൻഡ് ചെയ്യുകയായിരുന്നു.
'മറികാശ് എപേരിലാണ് തൊഴിലാളികൾ അധികതുക ആവശ്യപ്പെട്ടത്. കൂലിതർക്കത്തിനിടെ തൊഴിലാളികൾ ലോറി ഡ്രൈവറെ കൈയേറ്റം ചെയ്യുകയും ഗോഡൗൺ മാനേജരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ ലോഡ് ചങ്ങനാശേരി സപ്ലെകോ ഗോഡൗണിലേക്ക് കൊണ്ടുപോയി
---------------
തർക്കം, ഭീഷണി
തമിഴ്നാട്ടിൽ നിന്ന് 170 ബോക്സുകളിലെത്തിയ 1700 കിലോഗ്രാം സൺ ഫ്ളവർ ഓയിൽ ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തത്. സർക്കാർ നിർദേശിച്ചിട്ടുള്ള 2 രൂപ 35 പൈസയ്ക്ക് പകരം ബോക്സ് ഒന്നിന് 10 രൂപ വീതം ഇറക്കു കൂലി വേണമെന്നതായിരുന്നു തൊഴിലാളികളുടെ ആവശ്യം. സർക്കാർ നിർദേശ പ്രകാരമുള്ള തുകയിൽ നിന്ന് ഒരുരൂപ പോലും കൂട്ടി നൽകാൻ തങ്ങൾക്കാവില്ലെന്ന് ഗോഡൗൺ മാനേജർ അറിയിച്ചു. ഇതോടെ തൊഴിലാളികൾ മാനേജർക്ക് നേരേ തട്ടിക്കയറി. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ആൾക്കാരാണെന്നും തങ്ങൾ ആവശ്യപ്പെട്ട പണം തന്നില്ലെങ്കിൽ ലോഡ് ഇറക്കുന്നതൊന്ന് കാണട്ടെയെന്നുമായിരുന്നു തൊഴിലാളികളുടെ ഭീഷണി . ഇതിനിടെയാണ് ലോറി ഡ്രൈവറെ മർദ്ദിച്ചത്. രംഗം വഷളായതോടെ മാനേജർ സംഭവം ജില്ലാ ലേബർ ഓഫീസറെ അറിയിച്ചു. തുടർന്ന് സൗജന്യ ഭക്ഷ്യവിതരണ കിറ്റിലേക്കുള്ള ഭക്ഷ്യ എണ്ണയാണ് എത്തിയിരിക്കുന്നതെന്നും അത് ഇറക്കണമെന്നും ജില്ലാ ലേബർ ഓഫീസർ തൊഴിലാളികളോട് ഫോണിലൂടെ നിർദേശിച്ചെങ്കിലും അതനുസരിക്കാൻ അവർ തയാറായില്ല. മുഖ്യമന്ത്രി പിണറായി വിജയൻ നടപടിക്ക് നിർദ്ദേശിക്കുകയായിരുന്നു