കോവിഡ് നിരീക്ഷണകാലത്തെ പരീക്ഷണം; പിണറായി മുതൽ തെയ്യം വരെ
മണ്ണടി : വലിച്ചെറിയുന്ന ബോട്ടിലുകളിൽ ചിത്രങ്ങൾ വരച്ച് ലോക്ക് ഡൗൺക്കാലത്ത് ശ്രദ്ധനേടുകയാണ് മണ്ണടി സ്വദേശിയായ സന്ദീപ്. പെൻസിൽ ഡ്രോയിംഗിലും പെയിന്റിംഗിലും സജീവമായിരുന്ന സന്ദീപ് ബാംഗ്ലൂരിൽ പാരാമെഡിക്കൽ ഡയാലിസിസ് വിദ്യാർത്ഥിയാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 15ന് നാട്ടിലെത്തി ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് ക്വാറന്റൈനിൽ കഴിയുമ്പോഴാണ് ബോട്ടിൽ ആർട്ടിലേക്ക് ചുവടുമാറിയത്. നിരീക്ഷണക്കാലത്ത് പരീക്ഷണം എന്ന രീതിയിൽ കുപ്പികളിൽ ചിത്രം വരച്ചുതുടങ്ങി. ആദ്യ ശ്രമത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ നിരവധി ബോട്ടിലുകളിൽ ചിത്രം വരച്ചു. ഇപ്പോൾ ചിത്രപ്പണികളുള്ള സന്ദീപിന്റെ ബോട്ടിലിന് ആവശ്യക്കാരുമുണ്ട്. ബോട്ടിൽ ചിത്രങ്ങൾക്ക് വേണ്ടി നേരിട്ടും സോഷ്യൽമീഡിയ വഴിയും ആവശ്യക്കാർ എത്തുന്നുണ്ടെന്ന് സന്ദീപ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ , ജില്ലാ കളക്ടർ പി.ബി.നൂഹ്, ആരോഗ്യ പ്രവർത്തകർ, പൊലീസ്, നാടൻകലാരൂപങ്ങളായ തെയ്യം, കഥകളി തുടങ്ങി എല്ലാ ചിത്രങ്ങളും കുപ്പികളിൽ തെളിയുന്നു. വിമുക്തഭടൻ മണ്ണടി സായൂജ്യത്തിൽ സുരേഷ് - ബിന്ദു ദമ്പതികളുടെ മകനാണ്. സായൂജ്യ സഹോദരിയും.