പത്തനംതിട്ട: സംസ്ഥാന സർക്കാർ പുതുതായി അനുമതി നൽകിയ നാല് വനിതാ പൊലീസ് സ്റ്റേഷനുകളിൽ ഒന്ന് പത്തനംതിട്ടയിൽ വിഷുദിനത്തിൽ പ്രവർത്തനം തുടങ്ങി. ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകൾക്കൊപ്പം ലഭിച്ച പത്തനംതിട്ട ജില്ലയിലെ പുതിയ വനിതാ പൊലീസ് സ്റ്റേഷൻ ജില്ലാ ആസ്ഥാനത്ത് താഴെ വെട്ടിപ്പുറത്ത് ജില്ലാ കളക്ടറുടെ പഴയ ഔദ്യോഗിക വസതിയിലാണ് പ്രവർത്തിക്കുന്നത്.
ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ ആദ്യ വനിത സ്റ്റേഷൻ ഹൗസ് ഓഫീസർ ലീലാമ്മയ്ക്ക് സ്റ്റേഷൻ കെട്ടിടത്തിന്റെ തക്കോൽ കൈമാറി. വീണാജോർജ് എം.എൽ.എ സന്നിഹിതയായിരുന്നു.
അഡീഷണൽ പൊലീസ് സൂപ്രണ്ട് എസ്. ശിവപ്രസാദ്, ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്. പി ആർ. ജോസ്, ഡി സി ആർ ബി ഡിവൈ.എസ്.പി എ. സന്തോഷ് കുമാർ, പത്തനംതിട്ട ഡിവൈ.എസ്.പി കെ. സജീവ്, അസിസ്റ്റന്റ് കമാൻഡൻഡ് കെ. സുരേഷ്, സി.എെ എസ്. ന്യൂമാൻ, വനിതാ സെൽ ഇൻസ്‌പെക്ടർ ഉദയമ്മ തുടങ്ങിയവർ സംബന്ധിച്ചു.
പുതിയ സ്റ്റേഷനിലെ ഉപയോഗങ്ങൾക്കായി പുതുതായി അനുവദിച്ച സ്റ്റേഷൻഹൗസ് ഓഫീസർക്കായുള്ള വാഹനത്തിന്റെ തക്കോൽ ജില്ലാ പൊലീസ് മേധാവി പോലീസ് കെ.ജി സൈമൺ ഇൻസ്‌പെക്ടർ ലീലാമ്മയ്ക്കു കൈമാറി. വനിതാ ഹെൽപ്പ് ലൈനിന്റെ ഉപയോഗത്തിലുണ്ടായിരുന്ന ഒരു ജീപ്പും രണ്ട് ഇരുചക്രവാഹനങ്ങളും ഉപയോഗിക്കും.
പൊലീസ് സ്റ്റേഷന് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള കെട്ടിടത്തിൽ സി.സി.ടി.വിയും കമ്പ്യൂട്ടറുകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. തൊണ്ടിമുറി, വിശ്രമമുറി എന്നീ സൗകര്യങ്ങളുമുണ്ട്. ജില്ല മുഴുവനാണ് അധികാര പരിധി.
------------
അംഗബലം
ഒരു പൊലീസ് ഇൻസ്‌പെക്ടർ, മൂന്ന് സബ് ഇൻസ്‌പെക്ടർമാർ, നാല് സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ, മൂന്ന് സിവിൽ പൊലീസ് ഓഫീസർമാർ.
-------------------
പ്രത്യേകതകൾ
സ്റ്റേഷന്റെ പ്രവർത്തനം പൂർണമായും വനിതാ പൊലീസ് ഉദ്യോഗസ്ഥർ നിയന്ത്രിക്കും. പരാതികളുടെ അന്വേഷണം, കേസുകൾ രജിസ്റ്റർ ചെയ്യൽ, കേസ് അന്വേഷണം, അറസ്റ്റ് തുടങ്ങിയവ. പൊതുജനങ്ങൾക്ക് നേരിട്ട് പരാതികൾ സമർപ്പിക്കാം. ഇമെയിലിലും അയയ്ക്കാം. മെയിൽ ഐഡി showpspta.pol@kerala.gov.in. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾക്ക് മുന്തിയ പരിഗണന നൽകും.
-----------------
പരാതികൾ പറഞ്ഞോളൂ
പൊലീസ് സ്റ്റേഷൻ 04682272100
വനിതാ പൊലീസ് ഇൻസ്‌പെക്ടർ 9497908530
ടോൾഫ്രീ നമ്പർ 1091, 112,
ക്രൈം സ്റ്റോപ്പർ നമ്പർ 1090