തിരുവല്ല: ലോക് ഡൗൺ കാലത്ത് വീട്ടിലിരിക്കുന്നവരുടെ മാനസിക സംഘർഷം ലഘൂകരിക്കാനായി ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറവും ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച അടുക്കളത്തോട്ടം സെൽഫി ഓൺലൈൻ മത്സരത്തിൽ തിരുവല്ല യൂണിയനിലും അംഗീകാരമെത്തി. എസ്.എൻ.ഡി.പി യോഗം ഓതറ കുമാരനാശാൻ സ്മാരക ശാഖയിലെ പടിഞ്ഞാറ്റോതറ ഗുരുകൃപ വീട്ടിൽ സത്യപാലന്റെ ഭാര്യ കെ.എസ്. ശശികലയ്ക്കാണ് മത്സരത്തിൽ മൂന്നാംസ്ഥാനം . കോട്ടയം ഗവ.നേഴ്‌സിംഗ് സ്കൂളിലെ ട്യൂട്ടറായ ശശികല കുടുംബത്തോടൊപ്പം നടത്തുന്ന അടുക്കളത്തോട്ടത്തിന്റെ ചിത്രത്തിനാണ് സമ്മാനം . വീടിന്റെ പിന്നിലെ 18 സെന്റിൽ ഒട്ടുമിക്ക പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. പ്രവാസി മലയാളിയായ സത്യപാലനും മക്കളായ അഞ്ജലിയും അമൃതയുമെല്ലാം വിളവെടുപ്പിന്റെ തിരക്കിലാണ്. മത്സരത്തിൽ ജിജിമോൻ വടയമ്പാടി, ശോഭന നടേശൻ മരട് എന്നിവർ യഥാക്രമം ഒന്നുംരണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, അസി.സെക്രട്ടറി പി.എസ്.വിജയൻ, തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ, കൺവീനർ അനിൽ എസ്.ഉഴത്തിൽ, ഇൻസ്‌പെക്റ്റിങ് ഓഫിസർ രവീന്ദ്രൻ എഴുമറ്റൂർ എന്നിവർ ശശികലയെ ഫോണിൽ വിളിച്ച് അനുമോദിച്ചു. ക്വിസ് മത്സരം, കുടുംബ പ്രാർത്ഥന സെൽഫി എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.