medicine
കവിയൂര്‍ തൂമ്പുങ്കല്‍ ലക്ഷംവീട് കോളനിയില്‍ സജുമോന് ജില്ലാ യുവജനക്ഷേമ ബോര്‍ഡ് ഇന്‍ജക്ഷൻ മരുന്നെത്തിച്ചപ്പോൾ

തിരുവല്ല: യുവാവിന് അടിയന്തരമായി മരുന്നുകളെത്തിച്ച് ജില്ലാ യുവജനക്ഷേമ ബോർഡ്. കവിയൂർ തൂമ്പുങ്കൽ ലക്ഷംവീട് കോളനിയിൽ സജുമോന് വേണ്ടിയാണ് മാത്യു ടി.തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ എറണാകുളം മരടിലെ കെയർ ആശുപത്രിയിൽ നിന്ന് എക്‌സെംപ്ഷ്യ എന്ന ഇൻജക്ഷൻ മരുന്നെത്തിച്ചത്. എല്ലുപൊടിയുന്ന രോഗം മൂലം രണ്ടു വർഷത്തോളമായി സജുമോൻ മുടങ്ങാതെ എടുത്തുകൊണ്ടിരുന്ന ഇൻജക്ഷനാണിത്. ലോക്ക് ഡൗൺ മൂലം മരുന്ന് ലഭ്യമായിരുന്നില്ല. തിരുവല്ല നിയോജക മണ്ഡലത്തിൽ ബി.പി.എൽ കാർഡ് ഉളളവർക്ക് സ്‌പോൺസർമാരുടെ സഹായത്തോടെ എം.എൽ.എയുടെ നേതൃത്വത്തിൽ മരുന്നുകൾ എത്തിച്ചു നൽകുന്നെന്ന വാർത്ത അറിഞ്ഞ് യുവാവിനെ വീട്ടിലെത്തി പഠിപ്പിക്കുന്ന കാട്ടൂർ എൻ.എസ്എസ് സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത ബന്ധപ്പെടുകയായിരുന്നു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ. ശ്രീലേഖയുടെയും കോ ഓർഡിനേറ്റർമാരുടെയും സഹകരണത്തോടെയാണ് മരുന്നുകൾ കവിയൂരിൽ എത്തിച്ചത്. വർഷങ്ങളായി രോഗബാധിതനായ യുവാവ് ഒമ്പത് വർഷത്തോളം ശരീരം തളർന്ന് കിടപ്പിലായിരുന്നു. ഇൻജക്ഷൻ എടുക്കാൻ തുടങ്ങിയത് മുതലാണ് യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായത്.