തിരുവല്ല: താലൂക്കിൽ കൊവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 740 ആയി കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 1282 പേരും വിദേശത്ത് നിന്നും 804 പേരും ഉൾപ്പെടെ 2086 പേർ വരെ താലൂക്കിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നു. ഇവരിൽ ഭൂരിഭാഗവും നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയതോടെയാണ് 740 ആയി കുറഞ്ഞത്. ഇതിൽ 668 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികളും ജോലിക്കാരുമൊക്കെയാണ്. മറ്റു രാജ്യങ്ങളിൽ നിന്നെത്തിയ 72 പേരും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ട്രെയിനുകളും വിമാനങ്ങളും സർവ്വീസ് നിറുത്തിയതോടെ പുറത്തു നിന്നെത്തുന്നവർ വരാതിരിക്കുന്നതും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയാൻ സഹായിച്ചതായി അധികൃതർ പറഞ്ഞു.