koyth
നെടുമ്പ്രം ഇടക്കേരി പാടത്ത് ഇന്നലെ കൊയ്ത്ത് തുടങ്ങിയപ്പോൾ

തിരുവല്ല: നെൽകർഷകരുടെ ആശങ്കയ്ക്ക് വിരാമമിട്ട് നെടുമ്പ്രം പഞ്ചായത്തിലെ പാടങ്ങളിൽ കൊയ്ത്ത് തുടങ്ങി. കൊയ്യാൻ പാകമായിരുന്ന 200 ഏക്കറോളം വരുന്ന ഇടക്കേരി, കോടങ്കേരി, ചിടയിൽ പാടശേഖരങ്ങളിൽ കൊയ്ത്ത് യന്ത്രങ്ങൾ ലഭിക്കാത്തത് മൂലം രണ്ടാഴ്ചയായി കൊയ്ത്ത് മുടങ്ങിക്കിടക്കുകയായിരുന്നു. വേനൽ മഴയിൽ നെൽക്കതിരുകൾ വീണത് ആശങ്ക വർദ്ധിപ്പിച്ചു. അപ്പർകുട്ടനാട് ഉൾപ്പെടുന്ന താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിൽ ബുധനാഴ്ച വൈകിട്ടും കനത്ത മഴയായിരുന്നു. ഇതോടെയാണ് സബ് കളക്ടർ ഡോ. വിനയ് ഗോയൽ ഇടപെട്ട് ഇന്നലെ രാവിലെ കുട്ടനാട്ടിൽ നിന്ന് കൊയ്ത്ത് യന്ത്രങ്ങൾ എത്തിച്ചത്. ഇടക്കേരി പാടത്തെ കൊയ്ത്തിന് ശേഷം മറ്റു പാടങ്ങളിൽ കൊയ്ത്ത് ആരംഭിക്കും. നെടുമ്പ്രവും നിരണവും അടങ്ങുന്ന മേഖലകളിൽ 100 ഏക്കറിൽ താഴെ വരുന്ന ചെറിയ പാടങ്ങളാണ് മിക്കതും. ഇത്തരം പാടങ്ങളിലേക്ക് കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കാൻ അവയുടെ ഉടമകൾക്ക് താത്പര്യമില്ലെന്ന് കർഷകനും നെടുമ്പ്രം കാർഷിക വികസന സമിതി അംഗവുമായ ഹരിഗോവിന്ദ് പറഞ്ഞു.