അടൂർ : കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിൽ അടൂരിൽ വലിയ കുറവ്. 2000 പേരോളം നിരീക്ഷണത്തിലെത്തിയതോടെ ആശങ്ക നിഴലിച്ചെങ്കിലും ഒരാളിന്റേതൊഴികെ മാറ്റാരുടേയും ഫലം പോസിറ്റീവായില്ല. ഇതിൽ ഷാർജയിൽ നിന്ന് എത്തിയ അടൂർ സ്വദേശി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. ഇദ്ദേഹത്തെ എയർപോർട്ടിൽ നിന്ന് കൊണ്ടുവന്ന ഭാര്യാപിതാവിനെയും ഡ്രൈവറെയും വീട്ടിലുള്ളവരെയും പ്രത്യേക നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശിച്ചെങ്കിലും ഇവരിൽ ആർക്കും രോഗബാധ ഇല്ല. ആശുപത്രിയിൽ കഴിയുന്ന യുവാവിന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവാകുന്ന മുറയ്ക്ക് ആശുപ്രതി വിടാനാകും. സ്രവപരിശോധനഫലം പോസിറ്റീവായതൊഴിച്ചാൽ മറ്റ് രോഗലക്ഷണങ്ങൾ ഒന്നും ഇതുവരെയും ഉണ്ടാകാത്തതിനാൽ വേഗത്തിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജാകാൻ കഴിയുമെന്നാണ് നിഗമനം. അടൂർ ജനറൽ ആശുപത്രിയിൽ നാല് പേരെ എെസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കിയെങ്കിലും മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്ന് അവരെ കഴിഞ്ഞ ദിവസം ഡിസ്ചാർജ്ജ് ചെയ്തു.
അടൂർ നിയോജക മണ്ഡലത്തിൽ
വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ : 1404.
പന്തളം നഗരസഭ : 493,
അടൂർ നഗരസഭ: 148
പഞ്ചായത്തുകൾ:
തുമ്പമൺ - 71,
കൊടുമൺ - 115,
ഏഴംകുളം - 123,
ഏറത്ത് - 78,
കടമ്പനാട് - 109,
പള്ളിക്കൽ - 176,
പന്തളം തെക്കേക്കര - 11.