പത്തനംതിട്ട : ജില്ലയിൽ കാൻസർ ചികിത്സാ സൗകര്യങ്ങളൊരുക്കി കോഴഞ്ചേരി ജില്ലാ ആശുപത്രി. കീമോതെറാപ്പി, തുടർപരിശോധന, സാന്ത്വന ചികിത്സ, സഹായക ചികിത്സകൾ തുടങ്ങിയവ ഇവിടെ ലഭിക്കും. രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണ് കാൻസർ രോഗികൾ. അവർക്ക് കൊവിഡ് ബാധ ഉണ്ടായാൽ വളരെ പെട്ടെന്നു ഗുരുതരാവസ്ഥയിലെത്താൻ കാരണമായേക്കാം. അതിനാൽ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളിൽ കാൻസർ ചികിത്സാ സൗകര്യമൊരുക്കുക എന്നതാണു ലക്ഷ്യം. തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ (ആർ.സി.സി) ചികിത്സ തേടിയിരുന്ന രോഗികളുടെ വിവരങ്ങൾ കോഴഞ്ചേരി ജില്ലാ ആശുപത്രിക്കു കൈമാറും. ആർ.സി.സിയിലെ ഡോക്ടർമാർ ടെലി കോൺഫറൻസിലൂടെ ബന്ധപ്പെട്ട ഡോക്ടർമാരുമായി സംസാരിച്ചു ചികിത്സ നിശ്ചയിക്കും. രോഗികൾക്ക് ആവശ്യമായ മരുന്നുകൾ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) മുഖാന്തിരം കാരുണ്യകേന്ദ്രങ്ങൾ വഴി എത്തിച്ചുനൽകും. ഫയർഫോഴ്‌സിന്റെ സേവനം ഉപയോഗപ്പെടുത്തിയും ആർ.സി.സി.യിൽ നിന്നും മരുന്ന് എത്തിച്ചുകൊടുക്കുന്നുണ്ട്. രോഗികളുടെ തിരക്കു കുറയ്ക്കാൻ മുൻകൂട്ടി അവരെ അറിയിച്ചശേഷമായിരിക്കും ചികിത്സാ തീയതി നിശ്ചയിക്കുന്നത്. ആർ.സി.സിയുമായി ചേർന്നാണു ചികിത്സാ സൗകര്യമൊരുക്കുന്നതെങ്കിലും മറ്റു റീജിയണൽ കാൻസർ സെന്ററുകളുമായും സഹകരിച്ച് കാൻസർ ചികിത്സ സൗകര്യം വിപുലീകരിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.


* കോഴഞ്ചേരി ജില്ലാ ആശുപത്രി ഉൾപ്പെടെ സംസ്ഥാനത്ത് 22 കേന്ദ്രങ്ങളിലാണു കാൻസർ ചികിത്സാ സൗകര്യങ്ങളൊരുക്കിയിരിക്കുന്നത്.


* സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങൾ

തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂർ താലൂക്ക് ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, പാലാ ജനറൽ ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, ഇ.സി.ഡി.സി. കഞ്ഞിക്കോട്, മലപ്പുറം ജില്ലാ ആശുപത്രി തിരൂർ, നിലമ്പൂർ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂർനാട് ട്രൈബൽ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി.