പത്തനംതിട്ട : ശബരിമല സന്നിധാനത്ത് വാച്ചറായി ജോലിചെയ്യുന്ന വേണുഗോപാലൻ നായർക്ക് ജീവൻരക്ഷാ മരുന്ന് എത്തിച്ചു നൽകി ഫയർഫോഴ്‌സ് ജീവനക്കാർ. പ്രമേഹ രോഗിയായ വേണുഗോപാലൻ നായർ തന്റെ ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നുകൾ തീർന്നതിനാൽ ബുദ്ധിമുട്ടിലാകുകയായിരുന്നു. സന്നിധാനത്ത് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് വേണുഗോപാലൻ നായർ തന്റെ മകളുടെ ഭർത്താവായ വിനീഷ് കുമാറിനെ വിവരം അറിയിച്ചു. തിരുവനന്തപുരം സ്വദേശിയാണ് വേണുഗോപാൽ. ഒരുമാസത്തേക്കുള്ള മരുന്ന് വിനീഷ് കുമാർ വാങ്ങിയെങ്കിലും ലോക്ക് ഡൗണായതിനാൽ തിരുവനന്തപുരത്തുനിന്നു മരുന്ന് സന്നിധാനത്ത് എത്തിക്കാൻ കഴിയുമായിരുന്നില്ല. അങ്ങനെ ഫയർഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ഫയർഫോഴ്‌സ് വാഹനത്തിൽ പത്തനംതിട്ടയിൽ എത്തിച്ച മരുന്ന് ജില്ലാ സ്‌റ്റേഷൻ ഓഫീസർ വിനോദ് കുമാറിന് കൈമാറി. ജില്ലാ സ്‌റ്റേഷൻ ഫയർഫോഴ്‌സ് ജീവനക്കാരെ സന്നിധാനത്തേക്കു മരുന്നുമായി അയക്കുകയായിരുന്നു. സന്നിധാനത്ത് എത്തിയ രഞ്ജി രവി, സുരേഷ് കുമാർ, എസ്.ആർ.സാരംഗ്, എം.എ.സന്ദീപ് എന്നീ ഫയർഫോഴ്‌സ് ജീവനക്കാർ മരുന്ന് വേണുഗോപാലൻ നായർക്കു കൈമാറി. ഒരു വർഷമായി സന്നിധാനത്ത് വാച്ചർ ജോലി നോക്കിവരികയാണ് ഒറ്റശേഖരമംഗലം തിരുവോണം കൊട്ടാംവാരം കാലായിൽ വീട്ടിൽ വേണുഗോപാലൻ നായർ.