@ ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിന്റെ ബന്ധു

@ തുടർച്ചയായ 17 പരിശോധനാ ഫലങ്ങൾ പോസിറ്റീവ്

@ സംസ്ഥാനത്തെ അസാധാരണ കേസ്

പത്തനംതിട്ട: കൊവിഡ് ബാധിച്ച് 37 ദിവസമായിട്ടും ഭേദമാകാത്ത 62കാരിയെ അസാധാരണമായി പരിഗണിച്ച് പ്രത്യേക നിരീക്ഷണത്തിലാക്കി. പത്തനംതിട്ട വടശേരിക്കര സ്വദേശിനിയാണ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുളളത്. മറ്റ് അസുഖങ്ങളും ആരോഗ്യ പ്രശ്നങ്ങളുമില്ലാത്ത ഇവരുടെ തുടർച്ചയായ 17 പരിശോധന ഫലങ്ങളും പൊസിറ്റീവായിരുന്നു.

ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തിയ കുടുംബത്തിൽ നിന്നാണ് ഇവർക്ക് രോഗം പകർന്നത്. ഇവരുടെ 26 വയസുളള മകൾക്കും രോഗം ബാധിച്ചെങ്കിലും പത്ത് ദിവസം മുൻപ് നെഗറ്റീവായിരുന്നു. തുടർച്ചയായ രണ്ട് പരിശോധനാഫലങ്ങൾ നെഗറ്റീവ് ആകുമ്പോഴാണ് രോഗം ഭേദമായെന്ന് സ്ഥിരീകരിച്ച് ഡിസ്ചാർജ് ചെയ്യുന്നത്.

മാർച്ച് 10നാണ് 62കാരിക്ക് രോഗം സ്ഥിരീകരിച്ചത്.ഒരു മാസത്തിലേറെയായിട്ടും ഇവരുടെ ഫലം പോസിറ്റീവായി തുടരുന്നത് സംസ്ഥാനത്തെ ആദ്യത്തെ കേസാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. കൊവിഡ് രോഗികൾക്ക് നൽകിയിട്ടില്ലാത്ത ഐവെർമെക്ടിൻ എന്ന ആന്റിബയോട്ടിക് മരുന്ന് ഇന്നലെ മുതൽ നൽകിത്തുടങ്ങിയെന്ന് കൊവിഡ് പ്രതിരോധത്തിന്റെ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ പറഞ്ഞു. പ്രതിരോധ ശേഷി കൂട്ടാനായി പാൽ, മുട്ട, പഴങ്ങൾ വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം എന്നിവ നൽകുന്നുണ്ട്. രോഗിയെ അണുമുക്തമായ പ്രത്യേക മുറിയിലേക്ക് മാറ്റി. സംസ്ഥാന മെഡിക്കൽ ബോർഡ് ചേർന്ന് ഇവർക്ക് കൂടുതൽ ചികിത്സ ലഭ്യമാക്കുകയോ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാേ ചെയ്യും.

ഇന്ത്യയിലെ ഏറ്റവും പ്രായമായ കൊവിഡ് രോഗികളായ റാന്നി ഐത്തലയിലെ തോമസും (93) മറിയാമ്മയും (89) രോഗം മാറി 27 ാം ദിവസം ആശുപത്രി വിട്ടിരുന്നു. ഇവരുടെ ബന്ധുവാണ് 62കാരി.

>>

'' ആരോഗ്യമുളള ആളിൽ ഇത്രയും നാൾ രോഗം നിലനിൽക്കേണ്ടതല്ല. 62കാരിയുടെ സ്ഥിതിവിവരം സംസ്ഥാന മെഡിക്കൽ ബോർഡിന് നൽകും. തുടർ ചികിത്സ ബോർഡ് തീരുമാനിക്കും.

ഡോ.എ.എൽ.ഷീജ,

ജില്ലാ മെഡിക്കൽ ഒാഫീസർ.