പത്തനംതിട്ട : ജില്ലയിൽ എലിപ്പനി വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ എലിപ്പനി കൂടിയാൽ വലിയ അപകടമാകും. വെള്ളക്കെട്ടുകൾ ഉള്ള സ്ഥലങ്ങളിലാണ് പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. കൃഷി, കന്നുകാലി പരിചരണം എന്നിവയ്ക്കായി പാടത്തും പറമ്പിലും ഇറങ്ങുന്നവർക്കാണ് രോഗം ഉണ്ടാകുന്നത്. രോഗബാധയുള്ള എലികൾ, കന്നുകാലികൾ, പട്ടി, പൂച്ച തുടങ്ങിയവയുടെ മൂത്രത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കൾ പാടത്തും പറമ്പിലും വെള്ളക്കെട്ടുകളിലും ദിവസങ്ങളോളം ജീവിക്കും. ഈ വെള്ളവുമായി സമ്പർക്കത്തിൽ വരുന്നവരിലേക്ക് രോഗാണു പ്രവേശിക്കും. മനുഷ്യശരീരത്തിലെ കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിലെയും കാൽവിരലിന്റെ ഇടയിലെയും നേർത്ത തൊലിയിൽകൂടി രോഗാണുക്കൾ ശരീരത്തിലെത്തും. എലിമൂത്രം കലർന്ന ആഹാരം കഴിക്കുന്നതിലൂടെയും എലിപ്പനി ഉണ്ടാകാം. ആരംഭത്തിലെ തിരിച്ചറിഞ്ഞു ചികിത്സിച്ചാൽ ഈ രോഗത്തെ പൂർണമായും സുഖപ്പെടുത്താൻ കഴിയും. എലിപ്പനി രോഗചികിത്സയ്ക്കുള്ള മരുന്നുകൾ ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ലഭ്യമാണ്.
മുൻകരുതൽ
കൃഷി, കന്നുകാലി പരിചരണം, ആറ്, തോട്, ചെറുജലാശയം എന്നിവിടങ്ങളിലെ മീൻപിടിത്തം എന്നിവയ്ക്കായി പാടത്തും പറമ്പിലും ചെലിയ വെള്ളക്കെട്ടുകളിലും ഇറങ്ങുന്നവർ കാൽമുട്ട് വരെ മൂടുന്ന പാദരക്ഷ (ഗംബൂട്ട്) ധരിക്കണം. ശരീരത്ത് മുറിവുള്ളവർ വെള്ളക്കെട്ടിൽ ഇറങ്ങരുത്. വെളളക്കെട്ടുകളിൽ ഇറങ്ങി മുഖം കഴുകുക, കുളിക്കുക, കന്നുകാലികളെ കുളിപ്പിക്കുക എന്നിവ പാടില്ല. ഇറച്ചിവെട്ടുകാർ നിർബന്ധമായും കൈയുറയും കാലുറയും ധരിക്കണം. പാടത്തോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ ഇറങ്ങേണ്ട സാഹചര്യമുള്ളവർ എലിപ്പനിക്കെതിരെയുള്ള മുൻകരുതൽ ഗുളിക ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണം. ഈ ഗുളിക ആരോഗ്യ പ്രവർത്തകരിൽ നിന്നും ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കും.
*ചികിത്സ
മലിനജലവുമായി സമ്പർക്കം ഉണ്ടായശേഷം പനി ലക്ഷണം കണ്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടണം. മലിനജല സമ്പർക്കം ഉണ്ടായ വിവരം ഡോക്ടറോട് പറയാൻ ശ്രദ്ധിക്കണം. എലിപ്പനി ലക്ഷണം മഞ്ഞപ്പിത്ത ലക്ഷണമായി തെറ്റിദ്ധരിക്കാൻ സാദ്ധ്യതയുള്ളതിനാൽ ശരിയായ എലിപ്പനി രോഗചികിത്സ ലഭിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുമാത്രം ചികിത്സ സ്വീകരിക്കണം.
ജില്ലയിൽ പല സ്ഥലങ്ങളിലും എലിപ്പനി രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇതിനെതിരെ ജാഗ്രത പാലിക്കണം. എല്ലാവരും സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കണം.
ഡോ.എ.എൽ ഷീജ
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)