പത്തനംതിട്ട: ലോക് ഡൗണിൽ സാധനങ്ങൾ വാങ്ങാനും വിൽക്കാനും ബുദ്ധിമുട്ടുകയാണോ നിങ്ങൾ? എങ്കിൽ പറമ്പിലുളള ചക്കയും മാങ്ങയും പച്ചക്കറിയുമായി കാേന്നിയിലെ നാട്ടുചന്തയിലേക്ക് പോകൂ. വീട്ടിലേക്ക് വേണ്ട വിഭവങ്ങളുമായി തിരികെ വരാം. പണം മുടക്കാതെ സാധനങ്ങൾ കൊടുത്ത് സാധനങ്ങൾ വാങ്ങുന്ന പഴയകാല ബാർട്ടർ ചന്ത കോന്നിയിൽ തുടങ്ങി. ഞായറാഴ്ച രാവിലെ 8.30 മുതൽ 12.30 വരെ കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ളാവിളയുടെ മഠത്തിൽകാവിലെ വസതിയിലാണ് നാട്ടുചന്ത .
വാർഡിലെ കർഷകരുടെ പച്ചക്കറികൾ, മുട്ട, പാൽ, ചക്ക, കപ്പ, മാങ്ങ, തേങ്ങ, വാഴക്കൂമ്പ്, വാഴപ്പിണ്ടി, മടന്ത, ചീമപ്പുളി, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്നതിനുള്ള സംവിധാനമാണ് നാട്ടു ചന്തയിലൂടെ ഒരുങ്ങുന്നത്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചാണ് ചന്ത പ്രവർത്തിക്കുന്നത്. സാമൂഹിക അകലം പാലിക്കാനുളള ക്രമീകരണങ്ങളൊരുക്കും.
കർഷകർ തമ്മിലുളള ബന്ധം മെച്ചപ്പെടുന്നതിനും കൊടുക്കൽ വാങ്ങൽ എന്ന പഴയ ശീലം പുതിയ തലമുറയെ മനസിലാക്കുന്നതിനുമാണ് നാട്ടു ചന്തയെന്ന് കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ളാവിളയിൽ പറഞ്ഞു. വിളിക്കേണ്ട നമ്പർ 9846166617.