പ്രമാടം :പഞ്ചായത്ത് അംഗങ്ങൾ ഓഫീസിൽ എത്താതെ വീഡിയോ കോൺഫറൻസ് വഴി വിവിധ വിഷയങ്ങളിൽ ആശയവിനിമയം നടത്തി.കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് ഭരണസമിതി യോഗം കഴിഞ്ഞ കുറച്ചു നാളുകളായി ചേരാൻ കഴിയാത്ത സാഹചര്യമാണുള്ളത്.സൂം ക്ലൗഡ് മീറ്റിംഗ് സോഫ്റ്റ്‌വെയർ സംവിധാനം ഉപയോഗിച്ചാണ് ഭരണസമിതി യോഗം നടത്തിയത്.17പഞ്ചായത്ത് അംഗങ്ങൾ ഈ വീഡിയോ കോൺഫറൻസിൽ പങ്കുചേർന്നു.ഓരോ വാർഡ് ക്രമത്തിൽ പദ്ധതി നിർവഹണത്തെക്കുറിച്ചും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും തൊഴിലുറപ്പുപദ്ധതിയെ കുറിച്ചും ആശയവിനിമയം നടത്തി.പഞ്ചായത്ത് അംഗങ്ങൾക്ക് ഇത് പുതിയ അനുഭവമായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ പഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോർജ്, ടെക്നിക്കൽ അസിസ്റ്റന്റ് ജയശ്രീ എന്നിവരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പഞ്ചായത്തിലെ പദ്ധതി നാളെ സമർപ്പിക്കുവാനും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡുതല സാനിറ്റേഷൻ സമിതികൾ ചേരുവാനും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനമെടുത്തു.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങൾ വാർഡ് തലത്തിൽ സാമൂഹ്യ അകലം പാലിച്ച് നടത്തുന്നതിനെപ്പറ്റി വീഡിയോ കോൺഫറൻസിൽ ചർച്ച ഉയർന്നു. കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങൾ പഞ്ചായത്തിൽമികച്ച രീതിയിൽ നടക്കുന്നതായി യോഗം വിലയിരുത്തി. നിർവഹണ ഉദ്യോഗസ്ഥരുടെ വീഡിയോ കോൺഫറൻസ് നടത്തുവാനും തീരുമാനമെടുത്തു