അടൂർ : 'സഹോദരങ്ങളേ.., സഹോദരങ്ങളേ...

പിറന്നനാടിതാ വിളിച്ചിടുന്നു ധീരരേ,,,

ഉണർന്നിടേണ്ട കാലമായി ജാഗരൂകരാക നാം

പടർന്നിടുന്ന മാരിയെ തുരത്തിടാൻ തളച്ചിടാൻ’

മലയാളികളുടെ പ്രിയ ഗായകൻ ജി. വേണുഗോപാൽ പാടിയ ഇൗ ഗാനം മൂന്ന് ദിവസം കൊണ്ട് ഹിറ്റായി. കൊവിഡ് എന്ന മഹാമാരിയെ നേരിടാൻ കർമ്മനിരതായ ആരോഗ്യപ്രവർത്തകർക്കും പൊലീസ്, ഫയർഫോഴ്സ് അടക്കമുള്ള സേനാംഗങ്ങൾക്കും സന്നദ്ധ സംഘടനാ പ്രവർത്തകർക്കുമായി സമർപ്പിച്ചിരിക്കുന്ന ഈ ഗാനം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഡയറക്ടറേറ്റ് ഒഫ് ഹെൽത്ത് സർവീസ് ആസ്ഥാനത്തെ കൊവിഡ് കൺട്രോൾ സെന്ററിൽ ആരോഗ്യമന്ത്രി കെ. കെ.ശൈലജയാണ് പ്രകാശനം ചെയ്തത്. ചെങ്ങന്നൂർ സ്വദേശി കവിയും സംഗീത സംവിധായകനുമായ ജി.നിശീകാന്ത് രചിച്ച ഈ ഗാനത്തിന് സംഗീതം പകർന്നതും ജി. വേണുഗോപാൽ തന്നെ. ഒപ്പം ഗിരീഷ് നാരായണൻ, ബ്ലെസി ദാസ് എന്നിവരും പാടുന്നു. ഫെബിൻ ലാസർ ആണ് പശ്ചാത്തലസംഗീതം നിർവ്വഹിച്ചിരിക്കുന്നത്. കൊവിഡിനെതിരെ നമ്മുടെ ആരോഗ്യ പ്രവർത്തകരും മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ടീച്ചർ അടക്കമുള്ളവർ കാട്ടുന്ന പ്രയത്നം ലോകത്തിന് തന്നെ മാതൃകയാണ്. ഇത് കണക്കിലെടുത്താണ് പിന്തുണ അർപ്പിച്ചുകൊണ്ടുള്ള ഇൗ ഗാനം ലോക്ക് ഡൗൺ കാലത്ത് ചിട്ടപ്പെടുത്തി പാടുവാൻ തനിക്ക് പ്രചോദനമായതെന്ന് വേണുഗോപാൽ കേരളകൗമുദിയോട് പറഞ്ഞു.

വീട്ടിൽ തന്നെയായതിനാൽ സമയം ഏറെയുള്ളതിനാൽ പാട്ടിന്റെ ട്യൂൺ സ്വയം ചിട്ടപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരത്ത് വീടിനടുത്തുള്ള ഒരു ഹോം റിക്കോർഡിംഗ് സ്റ്റുഡിയോയിൽ വച്ചു പാടി. നിശികാന്ത് ചെങ്ങന്നൂർ ചെറിയനാട്ടുള്ള വീട്ടിലിരുന്നാണ് സംഗീതം മിക്സ്ചെയ്തത്. ചുരുങ്ങിയ ദിവസം കൊണ്ട് ഗാനം സംഗീത പ്രേമികൾ ഹൃദയത്തിലേറ്റുവാങ്ങി എന്നതിൽ ഏറെ സന്തോഷമുണ്ട്.

ജി.വേണുഗോപാൽ