പത്തനംതിട്ട: ജില്ലയിൽ 24ന് ശേഷം ലോക്ക് ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചേക്കും. കേന്ദ്രസർക്കാർ ആദ്യം പ്രഖ്യാപിച്ച ഹോട്ട് സ്പോട്ട് പട്ടികയിൽ നിന്ന് പത്തനംതിട്ടയെ ഒഴിവാക്കിയിട്ടില്ല. റാന്നിയിലെ കുടുംബങ്ങൾക്ക് ശേഷം പോസിറ്റീവ് കേസുകൾ കുറയുകയും കൊവിഡ് സമൂഹ്യ വ്യാപനം ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലയെ ഹോട്ട് സ്പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ജില്ലയിൽ സാമൂഹ്യ വ്യാപനം ഇല്ലെന്നാണ് ആരോഗ്യ വകുപ്പും വിലയിരുത്തുന്നത്. വലിയ തോതിൽ പോസിറ്റീവ് കേസുകൾ ഉണ്ടായില്ലെങ്കിൽ 24ന് ജില്ലയിൽ ഇളവുകൾ വരുത്താനാണ് സംസ്ഥാന സർക്കാരിന്റെ ആലോചന. ജില്ലയിൽ ഏതൊക്കെ മേഖലകളിൽ ഇളവുകൾ വരുത്തണമെന്ന് അന്ന് തീരുമാനിക്കും. എന്നാൽ, മാസ്ക് ധരിക്കണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നും നിർദേശം നൽകും.
കേന്ദ്ര ലിസ്റ്റ് അനുസരിച്ച് കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെയാണ് ഹോട്ട്സ്പോട്ടുകളായി കണക്കാക്കിയിട്ടുള്ളത്.