പത്തനംതിട്ട: വിപണിയിൽ 20 ലക്ഷത്തോളം വില വരുന്ന നാല് കൂറ്റൻ തേക്ക് തടികൾ കോന്നി വനത്തിൽ നിന്ന് വെട്ടിക്കടത്തി.കുറച്ച് തടിക്കഷണങ്ങൾ കണ്ടെടുത്തതല്ലാതെ കാട്ടുകളളൻമാരെ പിടികൂടാൻ കഴിഞ്ഞില്ല.പാടം,കരിപ്പാൻതോട് മാതൃകാ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് നാല് തേക്ക് തടികൾ ഫെബ്രുവരിആദ്യമാണ് കടത്തിയത്.വനപാലകരുടെ ഫീൽഡ് സന്ദർശനത്തിനിടെ വെട്ടിയ തേക്കിൻ കുറ്റികൾ കണ്ടതോടെയാണ് മോഷണം അറിഞ്ഞത്.മാർച്ച് 20ന് കേസെടുത്തു.കടത്തിയ തടികളുടെ എട്ട് കഷണങ്ങൾ പുനലൂരിനടുത്ത് ചന്ദനത്താേപ്പിലെ മില്ലിൽ നിന്ന് ഇക്കഴിഞ്ഞ 14ന് കണ്ടെടുത്തു.ഇതിന്റെ ഇരട്ടിയോളം കഷണങ്ങൾ കണ്ടെത്താനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.തടികടത്തിയ തേക്കുതോട് സ്വദേശിയുടെ പിക്കപ്പ്വാൻ നടുവത്തുമൂഴി റേഞ്ച്ഓഫീസറുടെ നേതൃത്വത്തിലുളള അന്വേഷണസംഘം പിടിച്ചെടുത്തു.വാഹന ഉടമ ഒളിവിലാണ്.പാടം,കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് രണ്ട് വീതം കൂറ്റൻ തേക്കുമരങ്ങളാണ് വെട്ടി കഷണങ്ങളാക്കി കടത്തിയത്.വനത്തിനുളളിൽ നിന്ന് പിക്കപ്പ് വാനിൽ കയറ്റിയ റബർ,വട്ടതടികൾക്കിടയിലാണ് തേക്ക് തടികൾ ഒളിപ്പിച്ചിരുന്നത്.വനംവകുപ്പിന്റെ പാസെടുക്കാതെ പിക്കപ്പ് വാൻ വനത്തിനുളളിൽ പല തവണകളായി കയറിയിറങ്ങിയെന്ന് വ്യക്തമായിട്ടുണ്ട്.വാഹനംപാസില്ലാതെ കയറിയതിൽ ദുരൂഹതയുണ്ട്.മുളളുമല,കടവൂർ ചെക്പോസ്റ്റ് വഴിചില വനപാലകരുടെ ഒത്താശയോടെ വാഹനം തടിയുമായി കടന്നുവെന്നാണ് വിവരം.പ്രദേശവാസികളായ ചിലരും ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നു.വാഹനം പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല.ഫോറസ്റ്റ് ചെക്ക് പോസ്റ്റുകളിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയും നടന്നില്ല.മൊബൈൽ ഫോൺ സിഗ്നലുകൾ പിന്തുടർന്ന് കണ്ടെത്താൻ സൈബർ പൊലീസിന്റെ സഹായം തേടിയെങ്കിലും വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.

കാട്ടുതീയും മന്ത്രിയുടെ വരവും കളളൻമാർ പഴുതാക്കി

ഇക്കഴിഞ്ഞ ഫെബ്രുവരി മാസം പാടം,കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാട്ടുതീ വ്യാപകമായിരുന്നു.തീപിടിച്ചതും ഉണങ്ങിയതുമായ മരങ്ങൾ വെട്ടിക്കൊണ്ടുപോയ കരാറുകാരിലേക്കാണ് മോഷണത്തിന്റെ സൂചനകൾ നീളുന്നത്.പാടം,കരിപ്പാൻ തോട് മാതൃകാ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങളിലായിരുന്നു കോന്നി വനം ഡിവിഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ.തീപിടുത്തവും മന്ത്രിയുടെ സന്ദർശനവും പഴുതാക്കി തേക്ക്തടി കടത്തിയതായാണ് സംശയിക്കുന്നത്.നടുവത്തുമൂഴി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ 20അംഗം സംഘമാണ് അന്വേഷിക്കുന്നത്.

കാട്ടുകളളൻമാർ വീണ്ടും തലപൊക്കുന്നു

ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷമായി തടി മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന തടിമോഷണം വനംവകുപ്പ് ഉന്നതരെ ഞെട്ടിച്ചിട്ടുണ്ട്.രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയായും സംഭവം ചൂണ്ടിക്കാട്ടപ്പെടുന്നു.

വെട്ടിക്കടത്തിയത് 20 ലക്ഷം വരുന്ന കൂറ്റൻ തേക്കുതടികൾ