അടൂർ : രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായുള്ള ഹോമിയോപ്പതി മരുന്ന് സ്വീകരിച്ചവരുടെ എണ്ണം ജില്ലയിൽ ഒരു ലക്ഷം കടന്നു. മാർച്ച് 14 മുതൽ ആണ് ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ മരുന്ന് വിതരണം തുടങ്ങിയത്. ഒരു മാസം പിന്നിടുമ്പോൾ ഒരു ലക്ഷത്തി പതിനഞ്ചായിരത്തി നാനൂറ്റി നാല്പത്തി ഒന്നുപേർ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള ഹോമിയോപ്പതി മരുന്ന് കഴിച്ചു. ജില്ലയിലെ സർക്കാർ സ്വകാര്യ ഹോമിയോ ഡിസ്പൻസറികൾ വഴി ആണ് ആദ്യ ഘട്ടത്തിൽ മരുന്നുകൾ വിതരണം ചെയ്തത്. ഇപ്പോൾ പഞ്ചായത്തു അധികൃതരുടെയും ജനപ്രതിനിധികളുടെയും ആശാ വർക്കർമാരുടെയും സേവനം കൂടി ഉപയോഗപ്പെടുത്തി മരുന്ന് എത്തിക്കുന്നുണ്ട്. അയിരൂർ, ഏറത്തു, പള്ളിക്കൽ പഞ്ചായത്തുകളിൽ പൂർണ്ണമായും മരുന്ന് നൽകുവാൻ പഞ്ചായത്തുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്‌ഥർക്കും , നിരവധി സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്കും ഇമ്യൂണിറ്റി ബൂസ്റ്റർ മെഡിസിൻ നൽകി. ഹോമിയോപ്പതി വകുപ്പ് നടത്തി വരുന്ന സദ്ഗമയ ടെലി കൗൺസിലിംഗിൽ 152 വിദ്യാർത്ഥികൾക്ക് ഇതേവരെ സേവനം ലഭിച്ചു. സീതാലയം ടെലി കൗൺസിലിംഗിന്റെ സേവനം 71 സ്‌ത്രീകളും വിനിയോഗിച്ചു.
സ്ഥിരമായി അസുഖങ്ങൾക്ക് കഴിച്ചു കൊണ്ടിരിക്കുന്ന ഹോമിയോ മരുന്ന് ലോക്ക് ഡൗൺ കാരണം കിട്ടാതെ വന്ന 213 പേർക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മരുന്ന് വീട്ടിൽ എത്തിക്കാൻ കഴിഞ്ഞു.
ഡോ. ബിജു,
ഡി. എം. ഒ