അടൂർ : പത്തനംതിട്ട ജനറൽ ആശുപത്രി പൂർണമായും കൊവിഡ് 19 ചികിത്സാ കേന്ദ്രമാക്കിയതിനെ തുടർന്ന് അടൂർ ജനറൽ ആശുപത്രി ജില്ലയിലെ പ്രസവാശുപത്രിയാക്കി മാറ്റി. ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രസവസംബന്ധമായ ചികിത്സയ്ക്ക് വിധേയരാകുന്നവരെ അടൂർ ജനറൽ ആശുപത്രിയിലേക്ക് എത്തിക്കുന്നതോടെ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.നിലവിൽ 78 പേരാണ് ഇവിടെ അഡ്മിറ്റുള്ളത്.ഇവരെ ചികിത്സിക്കുന്നതിനായി അടൂർ ജനറൽ ആശുപത്രിയിലെ മൂന്ന് ഗൈനക്കോളജിസ്റ്റിന് പുറമേ മൂന്ന് ഗൈനക്കോളജിസ്റ്റുകളെകൂടി താൽക്കാലികമായി നിയമിച്ചു.പ്രസവസംബന്ധമായ ചികിത്സ തേടി കൂടുതൽ ആളുകൾ എത്തി തുടങ്ങിയതിനെ തുടർന്ന് മൂന്നാം നിലയിലെ ജനറൽ മെഡിസിൻ വാർഡുകൂടി ഗൈനക്കോളജി വിഭാഗത്തിനാക്കി മാറ്റി.ഇവിടെ ചികിത്സയിൽ കഴിഞ്ഞവരെ സർജിക്കൽ വാർഡിലേക്കും മാറ്റി.രണ്ടാം നില പൂർണമായും ഗൈനക്കോളജി വിഭാഗമാക്കി മാറ്റിയതിന് പുറമേയാണിത്. ഇതോടെ മറ്റ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കർശന നിയന്ത്രണവും ഏർപ്പെടുത്തി.ജനറൽ ആശുപത്രിയിലെ ഒ.പിവിഭാഗം പ്രവർത്തിക്കുന്നുണ്ടെങ്കിലും ഏറ്റവും അത്യാവശ്യമുള്ളവർക്ക് മാത്രമാണ് ഇപ്പോൾ ചികിത്സ ലഭ്യമാക്കുന്നത്.കൂടുതൽ രോഗികൾ എത്തിയാൽ സാമൂഹ്യ അകലം ലംഘിക്കപ്പെടുമെന്ന കാരണത്താലാണ് നിയന്ത്രണം.ഒപ്പം ആശുപത്രിയുടെ പ്രധാന കവാടത്തിൽ ഹെൽപ്പ് ഡസ്ക്കും തുറന്നിട്ടുണ്ട്.വാർഡുകൾക്കുള്ളിലേക്ക് ഒരു സന്ദർശകരേയും കയറ്റിവിടില്ല.അത്യാവശ്യമെങ്കിൽ മാത്രമേ കൂട്ടിരുപ്പുകാരെയും നിറുത്തൂ.കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്ന രോഗികളിൽ ആവശ്യക്കാർക്ക് മൂന്ന് നേരവും ഭക്ഷണം സമൂഹ അടുക്കളയിൽ നിന്നും ലഭ്യമാക്കുന്നുണ്ട്. നേരത്തെ ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾ രോഗികളുടെ കൂട്ടിരുപ്പുകാർ ഉൾപ്പെടെയുള്ളവർക്ക് പൊതിച്ചോർ നൽകിവന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് നിറുത്തലാക്കി.