പത്തനംതിട്ട : ജില്ലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു.ലോക്ക്ഡൗൺ കൂടി ആയതോടെ വെള്ളമെത്തിക്കാൻ ബുദ്ധിമുട്ടുകയാണ് ജനങ്ങൾ.പഞ്ചായത്ത് തലത്തിൽ വെള്ളമെത്തിക്കാൻ നടപടികൾ നടക്കുന്നുണ്ടെങ്കിലും എല്ലാ വാർഡുകളിലും വെള്ളമെത്തുന്നില്ല.മലയോര പ്രദേശങ്ങളിലാണ് ക്ഷാമം കൂടുതൽ.വെള്ളമില്ലാത്തതിനാൽ കൃഷിയും നശിക്കുകയാണ്. നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി.ആഴ്ചയിൽ ഒരു ദിവസം എല്ലാ സ്ഥലത്തും വെള്ളമെത്തിയ്ക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്.എന്നാൽ പൈപ്പ് ലൈൻ പൊട്ടി ശുദ്ധജലം പലയിടത്തും പാഴാകുന്നു.വേനൽക്കാലത്ത് കിലോമീറ്ററുകൾ നടന്നാണ് പലരും ശുദ്ധ ജലം ശേഖരിച്ചിരുന്നത്. ലോക്ക് ഡൗൺ ആയതോടെ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. 500 ലിറ്ററിന് 300 രൂപയും അതിൽ കൂടുതലും നൽകി പുറത്ത് നിന്ന് വെള്ളം വാങ്ങിയിരുന്നവരാണ് പലരും. സാധാരണക്കാരായ കൂലിവേലയും കൃഷിയും ചെയ്ത് ജീവിക്കുന്ന ഇവർക്ക് ഇപ്പോൾ വരുമാനമൊന്നുമില്ലാത്തതിൽ ടാങ്കറിൽ വെള്ളം അടിപ്പിക്കാനും കഴിയില്ല.
* പത്തനംതിട്ട നഗരത്തിൽ ചുട്ടിപ്പാറ,അഞ്ചക്കാല,പെരിങ്ങമ്മല,ചുരുളിക്കോട്, കരിമ്പനാക്കുഴി എന്നിവിടങ്ങളിലും ജില്ലയിൽ മല്ലപ്പള്ളി,വെണ്ണിക്കുളം, വായ്പ്പൂര്- ചക്കാലക്കുന്ന്, മനയ്ക്കചിറ, തിരുവല്ല, അടൂർ, തലച്ചിറ എന്നിവിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
' വാർഡ് മെമ്പർ മാർ വെള്ളം എത്തിയ്ക്കാൻ ആളുകളെ ഏൽപ്പിച്ചിട്ടുണ്ട്. അവർ ആഴ്ചയിൽ ഒരിക്കൽ വെള്ളം ടാങ്കറിൽ കൊണ്ട് തരും. എല്ലാവർക്കും നാലഞ്ച് പാത്രം ഒക്കെയാണ് ലഭിക്കുന്നെ. കോളനികളിൽ ഒന്നിലധികം തവണ വരേണ്ടി വരും. കുഞ്ഞുങ്ങളൊക്കെയുള്ള വീടുകളിൽ ഇത് തികയില്ല. കിണറുകൾ വരണ്ടു.
' സുമേഷ് കുമാർ
(ചുരുളിക്കോട് നിവാസി)