പത്തനംതിട്ട: തിരുവോണത്തോണിയിൽ ആറൻമുള പാർത്ഥസാരഥിക്ക് ഒാണ വിഭവങ്ങളുമായി ആറൻമുളയിലെത്താൻ ഇനി മങ്ങാട്ട് നാരായണ ഭട്ടതിരിയില്ല. രണ്ട് പതിറ്റാണ്ടായി കുമാരനല്ലൂരിൽ നിന്ന് നദീ മാർഗം കോഴഞ്ചേരിക്കടുത്ത് കാട്ടൂരിലെത്തി തിരുവോണത്തോണിയിലേറിയാണ് ഇന്നലെ അന്തരിച്ച നാരായണ ഭട്ടതിരി ആറൻമുളയിലെത്തിയിരുന്നത്.
1999ൽ പിതാവ് ഇരവി ഭട്ടതിരിയിൽ നിന്നാണ് അദ്ദേഹം തിരുവോണത്തോണി യാത്രയുടെ ചുമതല ഏറ്റെടുത്തത്. നാല് നദികൾ താണ്ടിയാണ് കുമാരനല്ലൂരിൽ നിന്ന് കാട്ടൂരിൽ എത്തിയിരുന്നത്. പുരാതന കാലത്ത് മങ്ങാട്ട് കുടുംബം കാട്ടൂരിലാണ് താമസിച്ചിരുന്നത്.
ചിങ്ങമാസത്തിലെ മൂലം നാളിൽ കുമാരനല്ലൂർ കടവിൽ നിന്ന് ചുരുളൻ വള്ളത്തിൽ പുറപ്പെട്ട് നാഗമ്പടം, തിരുവാറ്റ, താഴത്തങ്ങാടി വഴി കൊടൂരാറ്റിൽ കടക്കും. പൂരാടം നാളിൽ പുളിക്കീഴ് വഴി മണിമലയാറ്റിലേക്ക്. മൂവടത്ത് പോറ്റിവീട്ടിലെ ഉച്ചയൂണിന് ശേഷം ചെങ്ങന്നൂർ ആറാട്ടുപുഴ വഴി പമ്പാനദിയിൽ പ്രവേശിക്കും.
പൂരാടം നാൾ വൈകിട്ട് ആറൻമുളയിൽ തങ്ങാറുള്ള നാരായണ ഭട്ടതിരി പിറ്റേന്ന് പമ്പാനദിയിലൂടെ കാട്ടൂരിലെത്താറാണ് പതിവ്. ഇവിടെ നിന്ന് ഉത്രാട സന്ധ്യയിൽ തിരുവോണത്തോണിയിൽ ഓണവിഭവങ്ങളുമായി ആറൻമുളയിലേക്ക് നീങ്ങും. പള്ളിയോടങ്ങളുടെ അകമ്പടിയോടെ തിരുവോണത്തിന് പുലർച്ചെ ആറൻമുള ക്ഷേത്രത്തിലെത്തുന്ന നാരായണ ഭട്ടതിരി എത്തിക്കുന്ന വിഭവങ്ങൾ കൊണ്ട് ഓണസദ്യ ദേവന് നൽകി വണങ്ങും. കരമാർഗം കുമാരനല്ലൂരിലേക്ക് മടങ്ങുന്നതോടെയാണ് നാല് നാളത്തെ ചടങ്ങുകൾ സമാപിക്കുന്നത്. ഇല്ലത്തെ അടുത്ത കാരണവർക്കാണ് ഇനി യാത്രയുടെ ചുമതല.
----------------------
ഐതീഹ്യം ഉറങ്ങുന്ന യാത്ര
പണ്ട് ചിങ്ങമാസത്തിലെ തിരുവോണ നാളിൽ മങ്ങാട്ട് തറവാട്ടിൽ എത്തുന്നവർക്ക് സദ്യ നൽകിയിരുന്നു. ഒരു തിരുവോണത്തിന് ആരും എത്താതിരുന്നപ്പോൾ അന്നത്തെ ഭട്ടതിരി ആറൻമുള പാർത്ഥസാരഥിയെ പ്രാർത്ഥിച്ചു. തുടർന്ന് അവിടെയെത്തിയ ബാലന് തിരുവോണ സദ്യ നൽകി. ഇനി തനിക്കുള്ള ഓണസദ്യ ആറൻമുളയിൽ എത്തിക്കണമെന്ന് ബാലൻ അറിയിച്ചു. ബാലൻ ആറൻമുള പാർത്ഥസാരഥിയാണെന്ന് വിശ്വസിച്ച ഭട്ടതിരി പിറ്റേക്കൊല്ലം മുതൽ ഓണവിഭവങ്ങളുമായി തോണിയിൽ ആറൻമുളയിലേക്ക് പോയിത്തുടങ്ങി. ഒരിക്കൽ ഭട്ടതിരിയുടെ തോണി അയിരൂർ കടവിൽ ആക്രമണത്തിനിരയായി. പമ്പാതീരത്തുള്ളവർ വള്ളങ്ങളിലെത്തി ഭട്ടതിരിയേയും തോണിയേയും രക്ഷിച്ച് ആറൻമുളയിലെത്തിച്ചു. പിന്നീട് തിരുവോണത്തോണിയുടെ രക്ഷയ്ക്കായി കരക്കാർ വലിയ വള്ളങ്ങൾ നിർമ്മിച്ചു. ഇതാണ് പള്ളിയോടങ്ങൾ.