പത്തനംതിട്ട : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ നിശബ്ദ സേവകരായി ആരോഗ്യ വകുപ്പ് മിനിസ്റ്റീരിയൽ വിഭാഗം. ജില്ലാ മെഡിക്കൽ ആഫീസും 67 കീഴ് സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാരും രാപ്പകൽ കാെവിഡ് പ്രതിരോധത്തിന്റെ ഭാഗമാണ്. രോഗികൾക്കും ജീവനക്കാർക്കും ഭക്ഷണം സംഘടിപ്പിക്കുക, ഫണ്ട് സമാഹരണം, ലോക്കൽ പർച്ചേസിംഗും ദൈനംദിന റിപ്പോർട്ടിങ്ങും തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാണ്. അവധി ദിവസങ്ങളിലും അവശ്യ സേവന വിഭാഗത്തിന്റെ ഒാഫീസ് പ്രവർത്തനം കാര്യക്ഷമമാക്കാൻ അഡ്മിനിസ്‌ട്റേറ്റീവ് അസിസ്റ്റന്റിന്റെ നേതൃത്വത്തിൽ 67 സ്ഥാപനങ്ങളിലെയും ജീവനക്കാർ പ്രവർത്തിക്കുന്നു.
കുടുംബാംഗങ്ങളെ കാണാതെ ജില്ലയിൽ താമസിച്ച് രാപ്പകൽ ജോലി ചെയ്യുന്നവരും മിനിസ്റ്റീരിയൽ വിഭാഗത്തിലുണ്ട്. കൊവിഡിനെ നേരിടുന്നതിന് അനുവദിച്ച ജില്ലാ ദുരന്ത നിവാരണ ഫണ്ട് യഥാസമയം വിനിയോഗിക്കുന്നതിലും ഇൗ വിഭാഗത്തിന്റെ കാര്യക്ഷമമായ ഇടപെടലുണ്ട്. ഒഴിവുള്ള തസ്തികകളിൽ പുതിയ ജീവനക്കാരെ നിയമിക്കുക, കത്തുകളും പ്രസ്താവനകളും തയ്യാറാക്കുക, ഫണ്ട് ചെലവഴിക്കുക എന്നിവയും അഡ്മിനിസ്‌ട്റേറ്റീവ് അസിസ്റ്റന്റ്, സൂപ്രണ്ടുമാർ എന്നിവരുടെ മേൽനോട്ടത്തിൽ നടക്കുന്നു. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന പത്തനംതിട്ട ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർ രോഗീപരിചരണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സഹായികളായി എപ്പോഴുമുണ്ട്. ഇവരുടെ നിശബ്ദ സേവനത്തിലാണ് മുൻനിര പോരാളികളായ ഡോക്ടർമാർ, സ്റ്റാഫ് നേഴ്‌സുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ തുടങ്ങിയവർക്ക് മുന്നേറാൻ കഴിയുന്നത്.