പത്തനംതിട്ട : കൊവിഡ് കാലത്ത് മനുഷ്യനെ മാത്രമല്ല മൃഗങ്ങളെയും കരുതുകയാണ് ജില്ലയിലെ ഫയർ ഫോഴ്സ് ജീവനക്കാർ. ചെന്നീർക്കരയിൽ പാത്രം തലയിൽ കുടുങ്ങി വിഷമിച്ച പൂച്ചയ്ക്കാണ് ഫയർ ഫോഴ്സ് രക്ഷകരായത്. ചെന്നീർക്കര പാഞ്ചജന്യം വീട്ടിൽ വീണാചന്ദുവിന്റെ പൂച്ചയാണ് സ്റ്റീല്‍ പാത്രത്തിൽ തല കുടുങ്ങി കെണിയിലായത്. വീട്ടുകാർ ശ്രമിച്ചെങ്കിലും രക്ഷിക്കാനാകാതെ വന്നപ്പോൾ ഫയർ ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. ജില്ലാ അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ പി.അജിത് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ പി.മാത്യു, രഞ്ജി രവി, സജി കുമാർ എന്നിവർ കട്ടർ ഉപയോഗിച്ച് പാത്രം മുറിച്ച് പൂച്ചയെ രക്ഷപ്പെടുത്തി.