കാര്യക്ഷമമായ ഏകോപനവുമായി റവന്യൂ വിഭാഗം

പത്തനംതിട്ട : മാർച്ച് എട്ടിനാണ് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്, അന്നുമുതൽ ജനജീവിതം സുരക്ഷിതമാക്കുന്നതിനായി കാര്യക്ഷമമായ ഏകോപനമാണ് ജില്ലാ കലക്ടർ പി.ബി.നൂഹിന്റെ നേതൃത്വത്തിൽ റവന്യൂ വിഭാഗം നടത്തുന്നത്. കോവിഡിൽ നിന്നും സംരക്ഷണം നൽകുന്നതിന് വില്ലേജ്, താലൂക്ക് തലങ്ങൾ മുതൽ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ നിരവധിയാണ്.
അതിഥിതൊഴിലാളികൾക്കും വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവരുടെയും ആരോഗ്യക്ഷേമം ഉറപ്പുവരുത്തുന്നതിനായി ഭക്ഷണം, താമസസൗകര്യം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിച്ച് അവ വിതരണം ചെയ്യുന്നതിനാവശ്യമായ നടപടികൾ തഹസിൽദാർമാരുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസർമാർ മുഖേനയും നടന്നുവരുന്നു. തെരുവിൽ അലഞ്ഞുനടക്കുന്നവർ, നിരാലംബർ എന്നിവരെ കണ്ടെത്തി ജില്ലയിലെ ഒൻപതു കേന്ദ്രങ്ങളിൽ സംരംക്ഷണം നൽകി. ജില്ലയിലെ ആകെയുള്ള 16,066 അതിഥി തൊഴിലാളികളിൽ ഭക്ഷ്യവസ്തുക്കൾ ആവശ്യപ്പെട്ട 14,778 പേർക്കും ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.


ജില്ലയിൽ സൗജന്യ റേഷൻ 3,21,739 പേർക്ക് വിതരണം ചെയ്തു. ഐസാലേഷനിൽ പാർപ്പിക്കേണ്ടതും രോഗലക്ഷണങ്ങൾ ഉള്ളതുമായ അതിഥി തൊഴിലാളികളെ പുനരധിവാസ ക്യാമ്പുകളിലേക്കു മാറ്റിപാർപ്പിക്കുന്നതിനു ബന്ധപ്പെട്ട തഹസിൽദാർമാരുടെ നേൃത്വത്തിൽ നടപടി സ്വീകരിച്ചു.


കൊവിഡ് കെയർ കേന്ദ്രങ്ങൾ

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർക്കു നിരീക്ഷണം നൽകേണ്ട സാഹചര്യം ഉണ്ടായാൽ അവരെ താമസിപ്പിക്കുന്നതിനായി കൊവിഡ് കെയർ കേന്ദ്രങ്ങൾക്കായി 9000 മുറികൾ കണ്ടെത്തിയിട്ടുണ്ട്.

കോൾ സെന്ററുകൾ

ആറു താലൂക്കുകളിലും കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക കോൾ സെന്ററുകളുടെ പ്രവർത്തനവും സജീവമാണ്.കളക്ടറേറ്റിൽ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാണ്.

മറ്റു പ്രധാന ക്രമീകരണങ്ങൾ

1. സ്വകാര്യ ആശുപത്രികളായ പന്തളം അർച്ചന, മേനാംതോട്ടം എന്നിവിടങ്ങളിൽ വാർഡുകൾ ക്രമീകരിച്ചിട്ടുണ്ട്.

അഞ്ചു ഡബിൾ ചേംബറുകളുള്ള ആംബുലൻസ് ഏറ്റെടുത്ത് ജില്ലാ മെഡിക്കൽ ഓഫീസിനു നൽകി. പ്രതിരോധപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി 60 ഔദ്യോഗിക/സ്വകാര്യ വാഹനങ്ങൾ ഏറ്റെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസിന് ആവശ്യമായ വാഹനങ്ങൾ ഏറ്റെടുത്ത് നൽകി.

2.പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസിനു 12 ലക്ഷം രൂപ സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ നിന്നും അനുവദിച്ചു. പൊതുജനങ്ങളും സ്ഥാപനങ്ങളും പാലിക്കേണ്ട നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മാസ്മീഡിയ മോണിറ്ററിംഗ് സെൽ ആരംഭിച്ചു. ക്രമസമാധാനപാലനം നടപ്പാക്കുന്നതിനായി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചു.

3. ഭക്ഷണസാധനങ്ങളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനും പൂഴ്ത്തിവയ്ക്കൽ, അമിതവില ഈടാക്കൽ അനധികൃതമായി കട അടയ്ക്കൽ, കട തുറക്കൽ എന്നിവ തടയുന്നതിനായി ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ്തലത്തിൽ സാനിറ്റേഷൻ കമ്മിറ്റി രൂപീകരിക്കാൻ നിർദ്ദേശം നൽകി.

4. എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കമ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നതിനു നടപടികൾ സ്വീകരിച്ചു. അതിഥി തൊഴിലാളികൾക്ക് അവശ്യവസ്തുക്കൾ ശേഖരിക്കുന്നതിനായി പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഭരണ കേന്ദ്രം ആരംഭിച്ചു. വെന്റിലേറ്ററുകൾ വാങ്ങാൻ 55 ലക്ഷം രൂപ സ്‌പോൺസർ ചെയ്തിരുന്ന ബി.പി.സി.എല്ലുമായി കരാർ നടത്തി.

5.അതിഥി തൊഴിലാളികൾക്കും അങ്കണവാടി കുട്ടികൾക്കും പാലുൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിന് ബന്ധപ്പെട്ട തഹസിൽദാർമാർക്കും മിൽമ മാനേജർക്കും നിർദ്ദേശം നൽകി. സാമൂഹ്യ നീതിവകുപ്പിന്റെ കീഴിൽ പ്രവർക്കിത്തുന്ന അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, ശിശുഭവനങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കു മരുന്നുകൾ വിതരണം ചെയ്യാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.

വിളിക്കാം കോൾ സെന്റർ: 0468 2322515