18-suriyani-palli
ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയുടെ ക്ഷേത്ര മാതൃകയിൽ പണിത 'മുഖപ്പ് (കൽവിളക്ക് തൂണും കാണാം )

ചെങ്ങന്നൂർ : നൂറ്റാണ്ടുകൾക്ക് മുമ്പ് കേരളീയ ക്ഷേത്രശില്പകലാ മാതൃകയിൽ പണിത ക്രിസ്തീയ ദേവാലയം ആധുനികതയുടെ കരുത്തിന് പിടികൊടുക്കാതെ പൗരാണികതയുടെ പൊലിമയാവുകയാണ്.
നാടുവാഴിയായിരുന്ന വഞ്ഞിപ്പുഴ തമ്പ്രാക്കൾ പണി കഴിപ്പിച്ച ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയാണ് ഈ വാസ്തു വിസ്മയം.ഇവിടുത്തെ മുഖപ്പ് , മാളികപ്പുര,വലിയ കരിങ്കൽപാളികൾ അടുക്കിപ്പണിതിരിക്കുന്ന ഭിത്തികൾ, ഭിത്തിയിലുള്ള കൊത്തുപണികൾ,കരിങ്കൽവിളക്കു തൂണുകൾ,കൽത്തൊട്ടി എന്നിവ ശില്പ കലാ വൈഭവത്തിന്റെ മായാത്ത തെളിവാണ്.പള്ളിയുടെ മുൻഭാഗത്ത് തലയുർത്തി നിൽക്കുന്ന മുപ്പത്തിമൂന്നരയടി ഉയരമുള്ള കൽക്കുരിശ് നൂറ്റാണ്ടിന്റെ തന്നെ അത്ഭുതമാണ്.പള്ളിയോട് ചേർന്നുളള ചമയപ്പുര മാളിക,പത്തായപ്പുര,മുറിത്തട്ടു മാളിക,തേച്ചേരി,പൂമുഖം,പടിപ്പുര മാളിക എന്നിവ പുരാണ തച്ചുശാസ്ത്രത്തിന്റെ തനിമയും പ്രൗഡിയും വിളിച്ചോതുന്നു.പടിപ്പുര മാളികയിൽ കല്ലുപാകിയ വിശ്രമസങ്കേതങ്ങളുണ്ട്. പടിപ്പുര മാളികയിൽ കൊത്തിവെച്ച ശിൽപങ്ങൾ മത സൗഹാർദ്ദത്തിന്റെ പ്രതീകങ്ങളാണ്. ഓർത്തഡോക്സ് ,മാർത്തോമാ വിശ്വാസികളുടെ ആരാധന കേന്ദ്രം ഏഴരപ്പള്ളികൾക്കൊപ്പം ചരിത്രഗതികൾക്ക് സാക്ഷ്യം വഹിച്ച പള്ളിയാണ് ചെങ്ങന്നൂർ സുറിയാനിപ്പള്ളി.

പള്ലിയുടെ ചരിത്രം ഇങ്ങനെ ........

മാർത്തോമാശ്ലീഹയാൽ സ്ഥാപിക്കപ്പെട്ട ഏഴരപ്പള്ളികളിലൊന്നായ നിലയ്ക്കൽ പള്ളി (ചായൽ പള്ളി )യിൽ കൂടിയിരുന്ന ക്രിസ്ത്യാനികൾ പറപ്പാറ്റയുടെയും പാണ്ടി രാജ്യത്തു നിന്നു വന്ന കൊള്ളക്കാരുടെയും ആക്രമണങ്ങളെത്തുടർന്ന് പല സ്ഥലങ്ങളിലേക്ക് കുടിയേറി.അങ്ങനെ പലായനം ചെയ്തവരിൽ 65 കുടുംബങ്ങൾ ചെങ്ങന്നൂരിൽ എത്തി.ചെങ്ങന്നൂരിൽ പള്ളി പണിയുന്നതിനെക്കുറിച്ച് ആലോചനയുണ്ടായി.അതനുസരിച്ച് പുരാതന ചെങ്ങന്നൂരിന്റെ ദേശാധിപനായ മുണ്ടൻകാവ് വഞ്ഞിപ്പുഴ തമ്പുരാനെ കണ്ട് പള്ളി പണിയാൻ സ്ഥലം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു. രാജാവ് ചെങ്ങന്നൂരിലെ ഉളിയനാട്ടുശേരിക്കരയിൽ പള്ളി വെയ്ക്കാൻ സ്ഥലം നൽകി.നിലയ്ക്കൽ പള്ളിയിൽ നിന്നും കുരിശ്കൊണ്ടുവന്ന് ക്രിസ്തുവർഷം 300ാം ആണ്ടിൽ ഹൈന്ദവ സഹോദരങ്ങളുടെ സഹായത്തോടെ പഴയ സുറിയാനി പള്ളി സ്ഥാപിച്ചു.

ആദ്യത്തെ പള്ളി പുല്ല് മേഞ്ഞത് ............

ആദ്യത്തെ പള്ളി പുല്ലുമേഞ്ഞതായിരുന്നു. ചെങ്ങന്നൂർ പള്ളി യാഥാർഥ്യമായതോടെ ചുറ്റുവട്ടത്തും പന്തളം,മാവേലിക്കര,തിരുവല്ല ,കോഴഞ്ചേരി,ആറന്മുള അടങ്ങി സ്ഥലങ്ങളിലും ആരാധനാലയങ്ങൾ സ്ഥാപിച്ചു.ഓർത്തഡോക്സ് ,മാർത്തോമ്മാ എന്ന് രണ്ടായി പിരിഞ്ഞു എങ്കിലും ഇന്നും ഇരുകൂട്ടരും ഒന്നിടവിട്ട ആഴ്ചകളിൽ ഇവിടെ ആരാധനയ്ക്ക് എത്തുന്നു.