തിരുവല്ല: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകരമായ ഉപകരണങ്ങൾ വാങ്ങുന്നതിന് മതിയായ തുക വകയിരുത്താൻ മാത്യു ടി.തോമസ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കും. ഡിജിറ്റൽ എക്‌സ്‌റേ സംവിധാനം ഉടൻ പ്രവർത്തനക്ഷമമാക്കും. ഒ.പി വിഭാഗത്തിലെ തിരക്ക് കുറയ്ക്കുന്നതിനും പരിശോധനാ സ്ഥലങ്ങളിലെ സൗകര്യം വർദ്ധിപ്പിക്കുന്നതിനും പരിശോധനാ മുറികൾ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളിലേക്ക് മാറ്റും. പൊതുജനാരോഗ്യ കേന്ദ്രം ഐ.പി ബ്ലോക്കിന്റെ ഒന്നാം നിലയിലേക്ക് മാറ്റും. ഇവിടേക്കുള്ള നടപ്പാതയിലും രണ്ടാം നിലയ്ക്ക് മുകളിലും മേൽക്കൂര നിർമിക്കുന്നതിന് ആവശ്യമായ തുക എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും വകയിരുത്തും. ജീവിതശൈലി രോഗികളുടെയും അടിയന്തര സാഹചര്യങ്ങളിൽ എത്തുന്ന മറ്റുള്ളവരുടെയും എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും അനുബന്ധ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും എം.എൽ.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, ജല അതോറിറ്റി ബോർഡ് അംഗം അലക്‌സ് കണ്ണമല, ബിനു വറുഗീസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സിനീഷ് പി. ജോയ്, ഹെൽത്ത് ഇൻസ്‌പെക്ടർ രമ്യ എന്നിവർ പങ്കെടുത്തു.