sivan
ചിത്രകാരനായ ശിവൻകുട്ടി ജില്ലാ കളക്ടർ പി. ബി. നൂഹിന്റെ ചിത്രത്തിന്റെ അവസാന മിനുക്ക് പണികളിൽ.

അടൂർ : ഒരു ഭാഗത്ത് അകാലത്തിൽ പൊലിഞ്ഞ ഭാര്യയുടെ എരിഞ്ഞടങ്ങാത്ത ചിത,മറുഭാഗത്ത് ലോക്ക് ഡൗൺ കാരണം പുറത്തിറങ്ങാൻ കഴിയാത്ത ബന്ധനം.ഫോട്ടാഗ്രാഫറും ചിത്രകാരനും വികലാംഗനുമായ ശിവൻകുട്ടിക്ക് എന്തിനും ഏതിനും വലംകൈ യായി നിന്ന പ്രിയതമയുടെ മരണം താങ്ങാവുന്നതിനും അപ്പുറമാണ്.ആ സങ്കടകടലിൽ നിൽക്കുമ്പോഴും ജില്ലയിലാകെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ഓടി നടക്കുന്ന പ്രിയപ്പെട്ട കളക്ടർ മനസിൽ ഇടംപിടിച്ചു. പ്രളയകാലത്തെ തുടങ്ങിയ ആരാധനയാണ് കളക്ടറോട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കാലഘട്ടമെത്തിയപ്പോഴേക്കും ആരാധന വീണ്ടുമേറി.അതിൽ നിന്നുമാണ് ഭാര്യയുടെ ചിത മൂടും മുൻപേ ആദ്യം കമ്പ്യൂട്ടറിൽ ജില്ലാകളക്ടർ പി.ബി.നൂഹിന്റെ ചിത്രം മനസിൽ കോറിയിട്ടത്.അതും ജീവസുറ്റ ചിത്രം.പിന്നീട് പേപ്പറിലേക്ക് വരച്ച് പകർന്നു.

ശിവൻകുട്ടിയുടെ കരവിരുതിൽ വിരിഞ്ഞത് നിരവധി ചിത്രങ്ങൾ

അടൂർ ചേന്ദംപള്ളിൽ പാലവിളയിൽ ശിവൻകുട്ടിക്ക് ജന്മനാകാലിന് വൈകല്യമുണ്ട്. ആ വൈകല്യത്തെ ചെറുത്ത് തോൽപ്പിക്കുന്നതിലായിരുന്നു ചിത്രചരനയിലൂടെ ചെറുപ്പം മുതലേയുള്ള ശീലം.പഠനശേഷം ഉപജീവനമാർഗമെന്ന നിലയിൽ ഫോട്ടോഗ്രാഫിയിലേക്കും കാൽവെച്ചു. അപ്പോഴും വരയോടുള്ള അടങ്ങാത്ത ദാഹം മനസിൽ സൂക്ഷിക്കുക മാത്രമല്ല നൂറ് കണക്കിന് ചിത്രങ്ങൾ വരച്ചു.അടൂർ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ സ്ഥാപിച്ചിട്ടുള്ള ചട്ടമ്പിസ്വാമികളുടേയും മന്നത്ത് പത്മനാഭന്റെയും ജീവസുറ്റ ചിത്രങ്ങൾ ശിവൻകുട്ടിയുടെ കരവിരുതിൽ വിരിഞ്ഞതാണ്. നൂറ് കണക്കിന് ചിത്രങ്ങൾ ശിവൻകുട്ടിയുടേതായി പലവീടുകളിലേയും ചുമരുകളിലുണ്ട്.

പ്രിയതമയുടെ മരണം താങ്ങാവുന്നതിലും അപ്പുറം

ലോക്ക്ഡൗൺ ദിനങ്ങളിലെ ഒരു രാത്രിയിലാണ് ഭാര്യ രോഹിണിക്കുട്ടിക്ക് (56) ശ്വാസംമുട്ടൽ അനുഭവപ്പെട്ടത്. വാഹനം സംഘടിപ്പിച്ച് ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഓർക്കാപ്പുറത്തുണ്ടായ ആഘാതത്തിന്റെ നടുവിൽ നിന്നാണ് ജില്ലാകളക്ടർക്ക് ഒരു ബിഗ്സല്യൂട്ട് അർപ്പിച്ച് അൻപത്തിയെട്ടുകാരനായ ചിത്രകാരൻ രേഖാചിത്രം കോറിയിട്ടത്.

ചിത്രം ലാമിനേറ്റ് ചെയ്ത് കളക്ടർക്ക് നേരിട്ട് സമർപ്പിക്കണം എന്നതാണ് ആഗ്രഹം.

(ശിവൻകുട്ടി)