പത്തനംതിട്ട: പാടം,കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിൽ നിന്ന് കൂറ്റൻ തേക്ക്തടികൾ മുറിച്ചു കടത്തിയ സംഭവത്തിൽ പങ്കുളള വനപാലകൻ നിരീക്ഷണത്തിൽ.തടി മോഷണത്തിൽ പ്രതികളാകുമെന്ന് കരുതുന്ന കൊക്കാത്തോട് ഒരേക്കർ സ്വദേശികളായ നാല് പേർ ഒളിവിൽ പോയി. ഇവരിൽ തടികടത്തിന്റെ മുഖ്യ സൂത്രധാരനും ഒരു വാച്ചറുമുണ്ട്.പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചനകളുണ്ട്.
ചില വനപാലകരുടെ ഒത്താശയോടെ പത്തിലേറെ പേർ ചേർന്നാണ് തേക്കുതടികൾ പല തവണകളായി മുറിച്ച് കടത്തിയതെന്ന് സംശയിക്കുന്നു.നിരീക്ഷണത്തിലായ വനപാലകന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.സൈബർ പൊലീസാണ് ഇയാളുടെ വിവരങ്ങൾ ശേഖരിക്കുന്നത്.പുറമേ യാതൊരു സംശയത്തിനും ഇട നൽകാതെ ഇയാൾ ജോലിയിൽ തുടരുന്നുണ്ട്.സംഭവത്തിൽ മറ്റുചില വനപാലകർക്കും പങ്കുണ്ടെന്ന് വിവരങ്ങളുണ്ട്.നടുവത്ത്മൂഴി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തിൽ 20അംഗങ്ങളുണ്ട്. ഒളിവിലായവരെ കണ്ടെത്താനാണ് സംഘത്തിന്റെ ഇപ്പോഴത്തെ ശ്രമം.ഏതു വഴിയാണ് തടി കടത്തിക്കൊണ്ടു പോയതെന്ന് വ്യക്തമായിട്ടില്ല.ഫാേറസ്റ്റ് ചെക്ക് പോസ്റ്റുകൾ വഴിയോ ഹാരിസൻ മലയാളം പ്ളാന്റേഷന്റെ റബർ തോട്ടങ്ങളിലെ ഊടുവഴികളിലൂടെയോ തടി പിക്കപ്പ് വാനിൽ കടത്തിയെന്നാണ് സംശയിക്കുന്നത്. മുറിച്ച് കടത്തിയ തടികളുടെ കഷണങ്ങൾ കൊല്ലം ചന്ദനത്താേപ്പിലെ മില്ലിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
മൂന്ന് വർഷം മുതൽ ശിക്ഷ കിട്ടാവുന്ന കുറ്റം
1993ൽ ഭേദഗതി ചെയ്ത കേരള ഫോറസ്റ്റ് ആക്ട് പ്രകാരം വനത്തിൽ അതിക്രമിച്ചു കയറി സർക്കാർ മുതൽ മോഷ്ടിക്കുക,ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കാണ് നിലവിൽ കേസെടുത്തിരക്കുന്നത്.പ്രതികൾക്ക് കുറഞ്ഞത് മൂന്ന് വർഷംവരെ തടവ് ശിക്ഷയും 25000 രൂപ പിഴയും ലഭിക്കും.
'' അന്വേഷണം നല്ല നിലയിൽ പുരോഗമിക്കുന്നുണ്ട്.തെളിവുകൾ ശേഖരിച്ചു വരുന്നു.പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഫസലുദ്ദീൻ
(നടവുത്തുമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസർ)