തിരുവല്ല: ` നാടൻപാട്ടും വിഷ്വൽ കഥാപ്രസംഗവും ഒന്നും രണ്ടുമല്ല, 18 വേദികളിലാണ് നഷ്ടമായത്. എല്ലാം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അവതരിപ്പിക്കേണ്ട കലാപരിപാടികളായിരുന്നു`.. ലോക്ക് ‌ഡൗൺ കാരണം തന്റെ കലാജീവിതത്തിലുണ്ടായ വലിയ നഷ്ടങ്ങളെക്കുറിച്ച് പറയുകയാണ് കാഥികൻ നിരണം രാജൻ. വെഞ്ഞാറമ്മൂട്, എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ ബുക്ക് ചെയ്തിരുന്ന ഉത്സവ പരിപാടികളെല്ലാം റദ്ദാക്കി. ഇതുമൂലം സഹപ്രവർത്തകരായ മുപ്പതോളം കലാകാരന്മാരാണ് സാമ്പത്തിക പ്രതിസന്ധിയിലായത്. പരസ്യങ്ങളും മറ്റു പ്രചാരങ്ങളുമെല്ലാം നടത്തി പ്രതീക്ഷയോടെ കാത്തിരുന്ന ഉത്സവസീസണും ഇത്തവണ ദുരിതത്തിലായി. നേരത്തെ മഹാപ്രളയത്തെ തുടർന്ന് ആഘോഷങ്ങൾ പലതും ഒഴിവാക്കിയതിനാൽ കലാകാരന്മാരുടെ ജീവിതം ഏറെ പ്രതിസന്ധിയിലായിരുന്നു. ഇതിനു ശേഷമാണ് കൊറോണയും ലോക്ക് ഡൗണും സ്ഥിതി കൂടുതൽ രൂക്ഷമാക്കിയത്. സീസണല്ലാത്തപ്പോൾ നടത്തിയിരുന്ന വിവാഹ, വിലാപ ഗായക സംഘത്തിന്റെ പ്രവർത്തനവും നിലച്ചു. ഉത്സവകാലത്ത് തിരക്കിട്ട് ഓടിയിരുന്ന വാഹനങ്ങളും വീട്ടിലെ ഷെഡിൽ അടച്ചിട്ടിരിക്കുകയാണ്. വരുമാനം നിലച്ചിട്ടും കുടുംബ പട്ടിണിയാകാതിരിക്കാൻ ജീവനക്കാർക്ക് പകുതി ശമ്പളവും മറ്റു കലാകാരന്മാർക്ക് ആശ്വാസ സഹായവും നൽകേണ്ടി വന്നു. കൊറോണയെ തുടർന്ന് വീട്ടിലിരുന്ന സമയത്ത് പുതിയ കഥകൾ തയ്യാറാക്കാനും കൂടുതൽ നാടൻ പാട്ടുകൾ പഠിക്കാനും കഴിഞ്ഞതാണ് അൽപ്പമെങ്കിലും ആശ്വാസം നൽകുന്നതെന്ന് നിരണം രാജൻ പറഞ്ഞു. വല്ലപ്പോഴും ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ട് ജീവിക്കുന്ന കലാകാരന്മാർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകി രക്ഷിക്കണമെന്നും സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കൂടിയായ നിരണം രാജൻ പറഞ്ഞു.