പത്തനംതിട്ട : ശമ്പളമില്ലാതെ ദുരിതത്തിലായ 108 ആംബുലൻസ് ജീവനക്കാർ ജോലി പോകുമോ എന്ന ആശങ്കയിലാണിപ്പോൾ. ജി.വി.കെ ഇ.എം.ആർ.ഐ കമ്പനിയാണ് ജീവനക്കാരെ റിക്രൂട്ട് ചെയ്തിരിക്കുന്നത്. ഹൈദരബാദ് ആസ്ഥാനമായ കമ്പനി സർവീസ് തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. നൂറ് കോടി ആസ്തിയുണ്ടെന്ന് കാണിച്ചാണ് കമ്പനി ടെൻഡർ എടുത്തത്. സർക്കാർ ഫണ്ട് താമസിച്ചാലും കമ്പനിയ്ക്ക് ശമ്പളം കൊടുക്കാൻ കഴിയും എന്ന ഉറപ്പിലാണത്. ജില്ലയിലാകെ 52 ജീവനക്കാരുണ്ട്. ഒരു ആംബുലൻസിന് നാല് ജീവനക്കാരാണുള്ളത്. ആംബുലൻസ് മെയിന്റനൻസിന് പോലും തുക നൽകാറില്ല. വാഹനങ്ങൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അത് നികത്തേണ്ടത് ജീവനക്കാരാണ്. എല്ലാ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ജീവനക്കാരെ ജോലിയിലെടുത്തത്. ഇതുവരെ അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ കമ്പനി തയാറായിട്ടില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു. ഏഴ് ആംബുലൻസ് 24 മണിക്കൂറും എട്ട് ആംബുലൻസ് 12 മണിക്കൂറും ആണ് ജില്ലയിൽ സർവീസ് നടത്തുന്നത്. 24 മണിക്കൂർ സർവീസ് നടത്തുന്ന ആംബുലൻസിൽ രണ്ട് ഡ്രൈവറും രണ്ട് എമർജൻസി മെഡിക്കൽ ടെക്നീഷ്യനുമാണുള്ളത്. ലീവ് എടുത്താൽ പകരം ജീവനക്കാരും ഉണ്ട്.
എമർജൻസി മെഡിക്കൽ ടെക്നീഷ്യന് 21,000 രൂപയും
ഡ്രൈവർക്ക് 16,000 രൂപയുമാണ്
ശമ്പളം. എന്നാൽ അതിൽ കുറവാണ് ലഭിക്കുന്നത്.
"പാവങ്ങൾക്ക് വേണ്ടിയുള്ള പദ്ധതിയാണിത്. ഇതുവരെ സാലറി സ്ലിപ്പോ നിയമന കത്തോ ലഭിച്ചിട്ടില്ല. ശമ്പള സമയമാകുമ്പോൾ കമ്പനിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരിക്കും. സർവീസ് നിറുത്തലാക്കും എന്ന് വിശ്വസിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഒരു പാട് പേർക്ക് ജോലി നഷ്ടപ്പെടും. കുടുംബത്തിന്റെ ആശ്രയം ഇല്ലാതാകും. "
ഷബാന
ഇ.എം.ടി
*ജില്ലയിലാകെ 52 ജീവനക്കാരുണ്ട്.