പയ്യന്നാമൺ: വിസ്മൃതിയിലാവുന്ന നാട്ടു ചന്തകളുടെ കൂട്ടത്തിൽ മലയോര മേഖലയിലെ പ്രധാന ചന്തയായിരുന്ന പയ്യന്നാമൺ രാമപുരം ചന്തയും ഓർമ്മയിലേക്ക് . ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ചന്ത മലയോര മേഖലയിലെ കുടിയേറ്റ കർഷകർക്ക് തങ്ങളുടെ കാർക്ഷീക ഉത്പ്പന്നങ്ങൾ വിറ്റഴിക്കാനുള്ള പ്രധാന വിപണിയായിരുന്നു പയ്യന്നാമൺ. തട്ടാരേത്ത് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് ചന്തയുടെ ആവശ്യത്തിന് വിട്ടു നൽകിയത്. കറൻസി രഹിത വിനിമയവും ആദ്യകാലത്ത് രാമപുരം ചന്തയിലുണ്ടായിരുന്നു.
കാർഷിക ഉദ്പ്പന്നങ്ങൾ കൈമാറ്റം ചെയ്തിരുന്നു....
കർഷകർക്ക് കാർഷിക ഉത്പ്പന്നങ്ങൾ പരസ്പരം കൈമാറ്റം നടത്തി തങ്ങളുടെ ആവശ്യങ്ങൾ പരസ്പരം പറയാനും ഒത്തുചേരാനും കാർഷിക ചർച്ചകൾ നടത്തി പരസ്പരബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനുള്ള കേന്ദ്രമായും ഒരുകാലത്ത് രാമപുരം ചന്ത വളർന്നിരുന്നു. കർഷകർ കാളവണ്ടികളിലും തലച്ചുമടായും കാർഷീക ഉത്പ്പന്നങ്ങൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ചന്തയിലെത്തിച്ചിരുന്നു. പയ്യന്നാമൺ,കോന്നി,കുമ്മണ്ണൂർ,ഐരവൺ,കൊന്നപ്പാറ,അതുമ്പുംകുളം, എലിമുള്ളംപ്ലാക്കൽ, തണ്ണിത്തോട്, ചെമ്മാനി, ചെങ്ങറ,അട്ടച്ചാക്കൽ,ആഞ്ഞിലുകുന്ന്, കിഴക്കുപുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന വിപണിയായിരുന്നു ഒരു കാലത്ത് രാമപുരം ചന്ത. സമീപ പ്രദേശങ്ങളിൽ പുതിയ ചന്തകൾ ആരംഭിച്ചതോടെയും, ഗതാഗത സൗകര്യങ്ങൾ വർദ്ധിച്ചതോടെയും ചന്തയുടെ പ്രതാപം മങ്ങി.
ചന്തയുടെ പ്രതാപം മങ്ങി
തറവാടയ്ക്ക് മീൻകച്ചവടം നടത്തുന്ന രണ്ട് കടകളിലും, രണ്ട് പച്ചക്കറി കടകളിലുമൊതുങ്ങി ഇന്ന് ചന്ത. പ്രധാന ഭാഗങ്ങളെല്ലാം കെട്ടിയടയ്ക്കപ്പെട്ടു. കുറെ ഭാഗം ഓട്ടോറിക്ഷാ സ്റ്റാൻഡായി വഴിമാറി. ഉടമസ്ഥർ കുറേ ഭാഗത്ത് വാഴകൃഷിയും നടത്തുന്നു .ചന്തയുടെ നടുവിൽ പടർന്ന് പന്തലിച്ച മാവായിരുന്നു ഒരു കാലത്ത് പ്രൗഢി.കാലപ്പഴക്കത്താൽ നശിച്ചു പോയ മാവിന്റെ സ്ഥാനത്ത് പിന്നീട് വളർന്നു വന്ന അരയാൽ ചന്തയുടെ പ്രതാപം അസ്തമിച്ചെങ്കിലും തലയുയർത്തി നിൽക്കുന്നു.