benyamin

പത്തനംതിട്ട: യു.ഡി.എഫിലെ യുവ എം.എൽ.എമാരെ കൊഞ്ഞാണൻ എന്നു വിളിച്ച സാഹിത്യകാരൻ ബെന്യാമിൻ വിവാദത്തിൽ കുടുങ്ങി. ബെന്യാമിന് മറുപടിയുമായി കെ. ശബരീനാഥൻ എം.എൽ.എ എത്തിയോതോടെ സമൂഹ മാദ്ധ്യമങ്ങളിൽ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ കൊഴുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ദൈനംദിന കൊവി‌ഡ് അവലോകന പത്രസമ്മേളനം അവസാനിപ്പിച്ചതിനെ എം.എൽ.എമാരായ വി.ടി. ബൽറാം, ശബരീനാഥൻ, ടി. സിദ്ദിഖ് എന്നിവർ ഫേസ് ബുക്കിലൂടെ പരിഹസിച്ചിരുന്നു. ആറുമണി തള്ള് നിറുത്തിയെന്നും നാളെ മുതൽ കടമുടക്കമെന്നും മറ്റുമായിരുന്നു പരിഹാസം. ഇതിനെതിരെ ഫേസ് ബുക്കിലൂടെത്തന്നെ ബെന്യാമിൻ പ്രതികരിച്ചു. കോൺഗ്രസിന്റെയും ഇന്ത്യയുടെയും ഭാവി ഇൗ കൊഞ്ഞാണന്മാരുടെ കൈയിൽ ഭദ്രമാണല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഇതോടെ ബെന്യാമിനെതിരെ കോൺഗ്രസ് അണികളുടെ പ്രതികരണ പ്രളയം തുടങ്ങി. ബെന്യാമിന് പിന്തുണയുമായി സി.പി.എം അണികളുമെത്തി. ബെന്യാമിനെ ആസ്ഥാന കവി എന്ന് പരിഹസിച്ച് ശബരീനാഥുമെത്തി. സോളാർ വിവാദവും ഖദർ ഷർട്ട് ഉടയാത്ത പൊതുപ്രവർത്തനവും പരാമർശിച്ച് യു.ഡി.എഫിനെ ആക്രമിച്ച് ബെന്യാമിൻ മറുപടി നൽകിയതോടെ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കയാണ്.