പത്തനംതിട്ട : ജില്ലയിൽ ഈ മാസം 25 മുതൽ ലോക് ഡൗണിന് ഭാഗിക ഇളവ്. ഗ്രാമീണ മേഖലയിലെ കാർഷികവൃത്തി, ചെറുകിട വ്യവസായിക പ്രവർത്തനങ്ങൾ, ഹോട്ടലുകൾ എന്നിവ സുരക്ഷാ ക്രമീകരണങ്ങളോടെ പുന:സ്ഥാപിക്കും. പഞ്ചായത്ത് ഓഫീസുകളും വില്ലേജ് ഓഫീസുകളും പൂർണമായും പ്രവർത്തനമാരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. ജില്ലാ അതിർത്തികളും തുറക്കില്ല. ജില്ലയ്ക്ക് അകത്തുള്ള ബസ് സർവീസുകൾ, സ്വകാര്യ വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ എന്നിവ ഉപാധികളോടെ അനുവദിക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ തൊഴിലുറപ്പ്, അയ്യങ്കാളി പദ്ധതികൾ പുനരാരംഭിക്കും. നിറുത്തിവച്ചിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. കൊയ്ത്ത് മെതി യന്ത്രങ്ങൾ ജില്ലയിലെ വിളവെടുപ്പിനുശേഷം മാത്രമേ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകാവൂ.

കളക്ടറേറ്റിൽ നടന്ന വീഡിയോ കോൺഫറൻസിന് ശേഷം ജില്ലയുടെ ചുതമലയുളള മന്ത്രി കെ.രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഇളവുകൾ സംബന്ധിച്ച മാർഗ നിർദേശം ജില്ലാ ഭരണകൂടം പുറത്തുവിടുമെന്ന് മന്ത്രി പറഞ്ഞു.

-------------------


@ സൗജന്യ റേഷൻ വിതരണം 97ശതമാനം പൂർത്തിയായി


ജില്ലയിൽ സിവിൽ സപ്ലൈസിന്റെ സൗജന്യ റേഷൻ വിതരണം 97 ശതമാനം പൂർത്തിയായി. എ.എ.വൈ റേഷൻ കാർഡ് ഉടമകൾക്കുള്ള അവശ്യസാധന കിറ്റ് വിതരണം ചെയ്തു. പിങ്ക് റേഷൻ കാർഡുള്ളവർക്കായുള്ള കിറ്റ് വിവിധ താലൂക്കുകളിലായി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. 20 മുതൽ കേന്ദ്രസർക്കാർ പിങ്ക്, മഞ്ഞ കാർഡുകാർക്ക് അനുവദിച്ച ഒരാൾക്ക് അഞ്ച് കിലോ അരി വിതരണം ചെയ്യും. അതിഥി തൊഴിലാളികൾക്ക് രണ്ടാംഘട്ട ഭക്ഷണ വിതരണം നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

ആന്റോ ആന്റണി എം.പി, എം. എൽ. എ മാരായ മാത്യു ടി. തോമസ്, ചിറ്റയം ഗോപകുമാർ, രാജു എബ്രഹാം, വീണാ ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ജില്ലാ കളക്ടർ പി.ബി നൂഹ്, ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ, എ.ഡി.എം അലക്‌സ് പി. തോമസ്, സബ് കളക്ടർ ഡോ.വിനയ് ഗോയൽ, തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.