ചെങ്ങന്നൂർ: മാതാപിതാക്കൾ വീട്ടിലില്ലാത്തപ്പോൾ കുട്ടികളുടെ
കണ്ണിൽ മുളകുപൊടി വിതറി ആക്രമിച്ച ശേഷം മോഷണം. സംഭവത്തിൽ കല്ലിശേരിൽ ഉമയാറ്റുകര കണ്ടത്തിൽ തറയിൽ ജോണിന്റെ മകൻ ജിതിൻ ജോൺ (23)നെ പൊലീസ് അറസ്റ്റുചെയ്തു.
തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ തോട്ടുമുക്ക് ആങ്ങായിൽപ്പടിയിൽ സുരേഷ് ബാബുവിന്റെ വീട്ടിൽ വെള്ളിയാഴ്ച രാത്രി 8.മണിയോടെയാണ് സംഭവം.
പ്ളസ് വൺ വിദ്യാർത്ഥിയായ മകൾ അനഘ, പത്താം ക്ളാസ് വിദ്യാർത്ഥിയായ അഖിലേഷ് (ശ്രീലാൽ) എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
പൊലീസ് പറയുന്നത്- സുരേഷ് ബാബുവും ഭാര്യയും ചെങ്ങന്നൂർ ഗവ. ജില്ലാആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുരേഷ് ബാബുവിന്റെ അമ്മയെ കാണാൻ പോയിരിക്കുകയായിരുന്നു.
മൂത്ത മകൻ ബന്ധുവീട്ടിലായിരുന്നു. രാത്രി 8 മണിയോടെ സുരേഷ് ബാബുവിന്റെ വീടിന്റെ പിന്നിലെ ചായിപ്പിന്റെ ഗ്രിൽ ഇളക്കിയാണ് ജിതിൻ അകത്തുകടന്നത്. അപ്പോൾ അനഘയും ,അഖിലേഷും സ്വീകരണ മുറിയിൽ ടി വി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. പിന്നിലൂടെയെത്തിയ ജിതിൻ അടുക്കളയിൽ നിന്നെടുത്ത മുളകുപൊടി ഇരുവരുടേയും കണ്ണിൽ പൊത്തുകയായിരുന്നു. കുട്ടികൾ നിലവിളിച്ചതോടെ ഇവരെ ആക്രമിച്ചു. തുടർന്ന് അഖിലേഷുമായി മൽപ്പിടുത്തമുണ്ടായ ശേഷം ഇയാൾ പുറത്തേക്കോടി. കാലിനും കൈയ്ക്കും പരിക്കേറ്റ അഖിലേഷിനെ ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടിലെ ഫോൺ നഷ്ടപ്പെട്ടിട്ടുണ്ട്. കൂടുതൽ സാധനങ്ങൾ മോഷണം പോയോയെന്ന് പരിശോധിക്കുന്നു. വിരലടയാള വിദഗ്ദ്ധർ തെളിവ് ശേഖരിച്ചു. നിരവധി മോഷണ കേസുകളിൽ ശിക്ഷ അനുഭവിച്ചയാളാണ് ജിതിനെന്ന് സി.ഐ എം.സുധിലാൽ പറഞ്ഞു.