അടൂർ : ശ്രീമൂലം മാർക്കറ്റിൽ വിൽപ്പനയ്ക്ക് എത്തിച്ച പഴകിയ 26 കിലോ മീൻ ഡെപ്യൂട്ടി തഹസീൽദാർ സ്മിതയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് പിടിച്ചെടുത്ത് നശിപ്പിച്ചു. ജില്ലാ കളക്ടറുടെ നിർദ്ദശപ്രകാരം ആറ് വകുപ്പുകൾ ചേർന്ന് രൂപം നൽകിയ സ്ക്വാഡാണ് പരിശോധന നടത്തിയത്. ഇതിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പഴകിയതും ഉപയോഗയോഗ്യമല്ലാത്തതും വിഷം തളിച്ചതുമായ 21 കിലോ മങ്കടയും 5 കിലോ അയിലയും ഉൾപ്പെടെ 26 കിലോ മീൻ പിടിച്ചെടുത്തത്. ഇത് നശിപ്പിക്കാൻ പാടില്ലെന്ന് പറഞ്ഞ് നഗരസഭയിലെ തന്നെ ഒരു ഭരണപക്ഷാംഗം തന്നെ രംഗത്ത് വന്നെങ്കിലും ഉദ്യോഗസ്ഥർ നിലപാടിയിൽ നിന്നും അയഞ്ഞില്ല. സ്ക്വാഡിലുണ്ടായിരുന്ന നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് പഴകിയ മീൻ കൈമാറുകയും മാർക്കറ്റിനുള്ളിൽ തന്നെ ഇത് കുഴിച്ചുമൂടുകയും ചെയ്തു. മത്സ്യവ്യാപാരിക്കെതിരേ കേസ് എടുക്കുകയും ചെയ്തു.