kiran
കൊയ്ത്ത് നടക്കുന്ന നെൽപ്പാടത്ത് കിരൺ

പത്തനംതിട്ട: ഓട്ടോമൊബൈൽ മെക്കാനിക്കൽ ഡിപ്ളോമ കഴിഞ്ഞപ്പോൾ വിദേശത്ത് ജോലിക്ക് ലഭിച്ച അവസരം ഉപേക്ഷിച്ച് കൃഷിക്ക് ഇറങ്ങിയതിൽ കിരൺ ദു:ഖിക്കുന്നില്ല. തന്റെ തീരുമാനത്തെ എതിർത്തവർക്ക് കൊവിഡ് കാലത്തെങ്കിലും തിരിച്ചറിവുണ്ടായിക്കാണുമെന്നാണ് ഈ 34കാരന്റെ വിശ്വാസം.സ്വന്തമായി നെൽകൃഷിയും മത്സ്യ കൃഷിയും നടത്തി നാടിന് മാതൃകയാവുകായാണ് കുടശനാട് കലാഭവനിൽ ആഗ്രോ ഇൻഡസ്ട്രീസ് മെക്കാനിക്ക് ആയ വിശ്വനാഥന്റെയും ചന്ദ്രികയുടെയും മകൻ കിരൺ എന്ന കണ്ണൻ.കുട്ടിയായിരിക്കുമ്പോൾ അവധിക്കാലത്ത് കൃഷിക്കാരനായ അച്ഛൻ വിശ്വനാഥനൊപ്പം പാടത്തും പറമ്പിലും സഹായിയായി ഇറങ്ങി.ചെളിയും ചേറും പുരണ്ട കുഞ്ഞുശരീരം മണ്ണിലെ പൊന്നിന്റെ വിലയറിഞ്ഞിരുന്നു.യുവാവായപ്പോൾ കിരൺ സ്വന്തം പറമ്പിലും കുരമ്പാലയിൽ പാട്ടത്തിനെടുത്ത നാലര ഏക്കർ ഭൂമിയിലും കൃഷി തുടങ്ങി.മത്സ്യ കൃഷിയിലൂടെ ഒരു വര്‍ഷം ശരാശരി ഒരു ലക്ഷം കിലോ മത്സ്യമാണ് ലഭിക്കുന്നത്.അധ്വാനത്തിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് അഞ്ചു ട്രാക്ടറകളുും രണ്ട് ട്രില്ലറുകളും 10പമ്പുസെറ്റുകളും ഒരു ഹിറ്റാച്ചിയും വാങ്ങി.ഉളവുക്കാട്,കുടശനാട് ഭാഗത്ത് മൂന്ന് പതിറ്റാണ്ടായി കൃഷി ചെയ്യാതെ പുല്ലു വളര്‍ന്നു നിന്ന പുഞ്ചപ്പാടങ്ങള്‍ അവകാശികള്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.ഉടമകളിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല.അവരുടെ മക്കളെ കണ്ടെത്തി നിലം പാട്ടത്തിനെടുത്ത് കിരൺ നെൽകൃഷി ആരംഭിച്ചു.150ഏക്കര്‍ സ്ഥലത്താണ് ബണ്ടു നിർമ്മിച്ച് കൃഷി ആരംഭിച്ചത്.

കണ്ണനൊപ്പം കുട്ടനാട്ടിലെ തൊഴിലാളികളും

മുന്തിയ ഇനം ഉമ വിത്താണ് വിതച്ചത്.കൃഷിപ്പണികളില്‍ വിദഗ്ദ്ധരായ കുട്ടനാട്ടിലെ തൊഴിലാളികളും കണ്ണനൊപ്പമുണ്ട്.രണ്ടര ലക്ഷം കിലോ നെല്ല് ലഭിക്കുമെന്ന് കിരൺ പറയുന്നു. മൂന്ന് യന്ത്രങ്ങളുപയോഗിച്ചാണ് ഈ സീസണിൽ കൊയ്ത്ത് നടത്തുന്നത്.ഒന്നര ലക്ഷം കിലോ നെല്ല് കിലോയ്ക്ക് 25.90കണക്കില്‍ ഇപ്പോള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സംഭരിച്ചുകഴിഞ്ഞു.കൃഷിയിൽ പ്രതിസന്ധി നേരിടുമ്പോഴെല്ലാം സി.പിഐ ജില്ലാ സെക്രട്ടറി എ.പി ജയൻ മുഖേന കൃഷിമന്ത്രി വി.എസ്.സുനിൽ കുമാറിന്റെയും കൃഷി ഓഫീസറുടെയും സഹായവും പിന്തുണയും തേടിയാണ് കിരൺ മുന്നോട്ടു പോകുന്നത്.15വർഷമായി കാർഷിക രംഗത്തുളള കിരണിന് ഇതുവരെ അവാർഡ് ലഭിച്ചിട്ടില്ല.കമ്പ്യൂട്ടര്‍ ഡിപ്ലോമ ബിരുദധാരിയായ ഭാര്യ ആതിരയും രണ്ടു വയസുള്ള മകൾ അക്ഷരയും അടങ്ങുന്നതാണ് കുടുംബം.

കൃഷി വകുപ്പിന്റെ സഹായം ലഭ്യമാക്കും: എ.പി.ജയൻ

കിരണിന് കൃഷിവകുപ്പിന്റെ സഹായം ലഭ്യമാക്കുന്നുണ്ടെന്ന് സി.പിഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ പറഞ്ഞു.കിരണിനെപ്പോലുളള യുവകർഷകരെ പ്രോത്സഹസിപ്പിക്കേണ്ടത് നാടിന്റെ ഉത്തരവാദിത്വമാണെന്ന് എ.പി.ജയൻ പറഞ്ഞു.

'' അച്ഛൻ വിശ്വനാഥനിൽ നിന്നാണ് കൃഷി പഠിച്ചത്.നാമോരോരുത്തരും മുന്നിട്ടിറങ്ങിയാൽ വീട്ടിലേക്ക് ആവശ്യമുളള സാധനങ്ങൾ സ്വന്തംപറമ്പിൽനിന്ന് ഉൽപ്പാദിപ്പിക്കാം.സമയത്തെ പാഴാക്കാതെ കൃഷിക്ക് വിനിയോഗിച്ചാൽ നേട്ടമുണ്ടാകും.

കിരൺ (കണ്ണൻ)