പത്തനംതിട്ട: പനി നോക്കുന്നതിനും കൊവിഡ് 19 സംബന്ധമായ സംശയങ്ങൾക്കും ഇനി ഡോക്ടറെ തേടി പോകേണ്ട. പനിയുണ്ടോയെന്നറിയാൻ ജില്ലയിൽ റാപ്പിഡ് ടെസ്റ്റ് തുടങ്ങി. ഒറ്റ ദിവസം കൊണ്ട് 400 പേരെ പരിശോധിക്കാം.

റാപ്പിഡ് സ്‌ക്രീനിംഗ് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് മന്ത്രി കെ.രാജു കളക്ടറേറ്റ് അങ്കണത്തിൽ നിർവഹിച്ചു. വീടുകളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും വാഹനം എത്തും. ഒരു റാപ്പിഡ് സ്‌ക്രീനിംഗ് വാഹനം ഉപയോഗിച്ച് നാലു മണിക്കൂർ ഉള്ള രണ്ട് ഷിഫ്റ്രുകളിലായാണ് സ്‌ക്രീൻ ചെയ്യുന്നത്.

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ലക്ഷ്യമാക്കിയാണ് റാപ്പിഡ് സ്‌ക്രീനിംഗ് വാഹനം ജില്ലാ ഭരണകൂടം പുറത്തിറക്കിയത്.

----------------


@ പരിശോധന ഇങ്ങനെ


വാഹനത്തിന് മുൻപിലായി ഒരു ഇൻഫ്രാറെഡ് തെർമോമീറ്റർ ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ നിയന്ത്രണം വാഹനത്തിനുള്ളിലായിരിക്കും. ഇതിലൂടെ ആളുകൾക്ക് പനി ഉണ്ടോ എന്ന് അറിയാൻ സാധിക്കും.

രണ്ടാം ഘട്ടമായി വാഹനത്തിന്റെ ഒരു വശത്ത് വ്യക്തിയോട് വിവരങ്ങൾ ചോദിച്ച് മനസിലാക്കും. ടു വേ മൈക്ക് സിസ്റ്റം ഘടിപ്പിച്ച വാഹനത്തിൽ നിന്ന് നാല് മീറ്റർ ദൂരെ നിന്നാലും പുറത്തു നിന്നുള്ള സംഭാഷണം വാഹത്തിനകത്ത് കേൾക്കാം. റാപ്പിഡ് സ്‌ക്രീനിംഗ് വാഹനത്തിൽ ഒരു മെഡിക്കൽ വോളണ്ടിയറും ഒരു നോൺ മെഡിക്കൽ വോളണ്ടിയറുമാണുണ്ടാവുക.


@ ആശയം ഡോ. വകാസിന്റേത്


തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയലിന്റെ സുഹൃത്ത് ഡോ.വികാസിന്റെ ആശയമാണ് റാപ്പിഡ് സ്‌ക്രീനിംഗ് വാഹനം. ജില്ലാ കളക്ടർ പി.ബി. നൂഹിന്റെ നിർദേശ പ്രകാരമാണ് റാപ്പിഡ് സ്‌ക്രീനിംഗ് വാഹനം സജ്ജമാക്കിയത്. സബ് കളക്ടർ വിനയ് ഗോയലിന്റെ നേതൃത്വത്തിൽ തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജെഫി ചക്കിട്ട ജേക്കബിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമും പി.ഡബ്ല്യു.ഡി. ഇലക്ടോണിക്‌സ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ മാത്യു ജോണിന്റെ നേതൃത്വത്തിലുള്ള ടെക്‌നിക്കൽ ടീമുമാണ് സ്‌ക്രീനിംഗ് വാഹനത്തിനു പിന്നിൽ. സ്‌ക്രീനിംഗ് വെഹിക്കിളിൽ സ്ഥാപിച്ചരിക്കുന്ന ഡിജിറ്റൽ എച്ച്.ഡി ക്വാളിറ്റി മൈക്ക് നിർമ്മിച്ചത് നൗഷാദ് തിരുവല്ലയാണ്.
ഫ്‌ളാഗ് ഓഫ് ചടങ്ങിൽ എം.എൽ.എമാരായ മാത്യു ടി.തോമസ്, രാജു എബ്രഹാം, വീണാ ജോർജ്, ജില്ലാ കളക്ടർ പി.ബി.നൂഹ്, തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ. ഷീജ, എൻഎച്ച്എം പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ തുടങ്ങിയവർ പങ്കെടുത്തു.