പത്തനംതിട്ട: ലോക്ക് ഡൗണിനുശേഷം ജില്ലയ്ക്ക് പുറത്തേക്ക് യാത്ര നടത്തിയവരെക്കൂടി ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കി. ജില്ലയിലെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുഖേന ശേഖരിച്ച കണക്കുകൾ പ്രകാരം 2166 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. ലോക്ക്ഡൗൺ കാലയളവിൽ അന്തർ ജില്ലാ യാത്ര നിരോധിച്ചിട്ടുണ്ട്. ഇത് മറികടന്ന് ജില്ലയ്ക്കു പുറത്തേക്കു പോയവരും ഇവിടേക്കു വന്നവരും നിരീക്ഷണത്തിലാകുകയാണ്. കൊവിഡ് ഹോട്ട്‌സ്‌പോട്ട് മേഖലകളിൽ നിന്ന് ജില്ലയിലെത്തിയ കുട്ടികൾ അടക്കമുള്ളവരുടെ വിവരങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുഖേന ശേഖരിച്ചിരുന്നു. ഇവരെ നിർബന്ധിത നിരീക്ഷണത്തിലാക്കിയിരുന്നില്ല.
ജില്ലയിൽ ഇന്നലെ രണ്ടുപേർ കൂടി ആശുപത്രി ഐസൊലേഷനിലാക്കി. നിലവിൽ 14 പേരാണ് ആശുപത്രികളിലുള്ളത്. ഇവരിൽ ആറുപേർ രോഗബാധിതരാണ്. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ കഴിഞ്ഞിരുന്ന വടശേരിക്കര ചെറുകുളഞ്ഞി സ്വദേശി ഗ്രീഷ്മ (28)യെ കഴിഞ്ഞദിവസം ഡിസ്ചാർജ് ചെയ്തു. ഇവരുടെ മാതാവ് ആശുപത്രിയിൽ തുടരുകയാണ്.ഇന്നലെ ലഭിച്ച 18-ാമത്തെ പരിേശാേധന ഫലവും പോസിറ്റീവാണ്. രോഗം ഭേദമായ 11 പേർ ആശുപത്രികൾ വിട്ടു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എട്ടുപേരും ജില്ലാ ആശുപത്രിയിൽ അഞ്ചുപേരും അടൂർ ജനറൽ ആശുപത്രിയിൽ ഒരാളുമാണ് നിലവിൽ ഐസൊലേഷനിലുള്ളത്.
--------------
നിരീക്ഷണത്തിലാകുന്നത് 2166 പേർ
---------------
ഇന്നലെയും എല്ലാം നെഗറ്റീവ്
ഇന്നലെ 117 പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായി ലഭിച്ചു. 187 ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. ഇന്നലെ 67 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരും വിവിധ കേസുകളിലെ സമ്പർക്കക്കാരും ഉൾപ്പെടെ 2858 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്.