കടമ്പനാട്: വാഴയ്ക്കും വൈറസ് ബാധ. കൊവിഡല്ല, കൊക്കാൻ എന്നാണ് ആ വൈറസിന്റെ പേര്. കടമ്പനാട് തുവയൂരിൽ നെല്ലിവിള കിഴക്കേതിൽ (ശബരി) ശ്യാമളാദേവിയുടെ വീട്ടുപറമ്പിൽ നിൽക്കുന്ന വാഴ മധ്യഭാഗത്ത് നിന്ന് കുലച്ചു. അപൂർവമായി ഇത്തരം കുലകൾ ഉണ്ടാകുന്നത് കൊക്കാൻ എന്ന വൈറസ് ബാധ കാരണമാണെന്ന് കൊട്ടാരക്കര സീഡ് ഫാം അസി. ഡയറക്ടർ അനീസ പറഞ്ഞു. കുലക്കാറായ ഒൻപതടി പൊക്കമുളള പാളയൻകോടൻ വാഴയുടെ പിണ്ടിയുടെ മധ്യഭാഗത്ത് നിന്നാണ് കുലച്ചിരിക്കുന്നത്. നേരത്തേയുണ്ടായിരുന്ന വാഴയുടെ ചുവട്ടിലെ വിത്ത് മുളച്ചതിൽ നിന്നാണ് ഇങ്ങനെയൊരു കുലയുണ്ടായത്.
കൂട്ടത്തിൽ നിൽക്കുന്ന വാഴകളുടെ ഒരു കന്നിന് വൈറസ് ബാധയുണ്ടായാൽ എല്ലാത്തിലേക്കും വ്യാപിക്കാം. അതിനാൽ, അത്തരം വാഴകൾ നശിപ്പിക്കുകയോ കരിച്ചുകളയുകയോ ചെയ്യണമെന്നാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നത്. ഉണ്ടായ വാഴക്കൂമ്പും കായയും കഴിക്കാം.