പത്തനംതിട്ട : ജില്ലയിൽ ഇന്നലെ പുതിയ കൊവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രൈമറി, സെക്കൻഡറി കോൺടാക്ടുകളായി ആരെയും കണ്ടെത്തിയിട്ടില്ല. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആറു പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഒരാളും നിലവിൽ ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ ആരും ഐസൊലേഷനിൽ ഇല്ല. ആകെ ഏഴു പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉണ്ട്. പുതിയതായി ആരെയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടില്ല. ആറു പേരെ ആശുപത്രി ഐസൊലേഷനിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. രോഗബാധ പൂർണമായും ഭേദമായ 11 പേർ ഉൾപ്പെടെ ആകെ 156 പേരെ ഇതുവരെ ആശുപത്രി ഐസൊലേഷനിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വീടുകളിൽ 102 പ്രൈമറി കോൺടാക്ടുകളും, 40 സെക്കൻഡറി കോൺടാക്ടുകളും നിരീക്ഷണത്തിൽ ആണ്. നിലവിൽ വിദേശത്തു നിന്ന് തിരിച്ചെത്തിയ 92 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1456 പേരും, ഡൽഹി നിസാമുദീൻ മത സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ 20 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 131 പേരെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 939 പേരെയും സെക്കൻഡറി കോൺടാക്ട് ലിസ്റ്റിലുളള 78 പേരെയും നിരീക്ഷണ കാലം പൂർത്തിയായതിനാൽ ക്വാറന്റൈനിൽ നിന്ന് മാറ്റി. ആകെ 1710 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽ ഇന്നലെ പരിശോധനയ്ക്കായി സാമ്പിളുകൾ ഒന്നും അയച്ചിട്ടില്ല. 112 സാമ്പിളുകളുടെ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്. ഇതുവരെ അയച്ച സാമ്പിളുകളിൽ 17 എണ്ണം പൊസിറ്റീവായും 2779 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 75 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.